അബുദാബി: അഫ്ഗാനിൽ തുടരാൻ തീരുമാനിച്ചിരുന്നെങ്കിൽ വലിയ അക്രമത്തിന് താൻ സാക്ഷ്യംവഹിക്കേണ്ടിവരുമായിരുന്നെന്ന് മുൻ പ്രസിഡന്റ് അഷറഫ് ഗനി.
യുഎഇയിൽ അഭയം തേടിയ ഗനി ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്.
നാടുവിട്ടതിനു ശേഷം അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നാറ്റോ മേധാവി ജെൻസ് സ്റ്റോൾറ്റൻബർഗും കാര്യമാറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്നും ഗനി പറഞ്ഞു.
എല്ലാ വിശദാംശങ്ങളും അറിയാത്തവർ തന്നെ വിധിക്കരുത്. താലിബാനുമായി അഫ്ഗാൻ സർക്കാർ നടത്തിയ ചർച്ചകൾ വിജയത്തിലെത്തിക്കാനായില്ല.
ഇത് തങ്ങളുടെ പരാജയമാണെന്നും അദ്ദേഹം സമ്മതിച്ചു. എഫ്ബിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗനി പ്രതികരണം നടത്തിയത്.
ഗനിക്കും കുടുംബത്തിനും അഭയം നൽകിയ വിവരം യുഎഇ ഇന്ന് പരസ്യപ്പെടുത്തിയിരുന്നു.
മാനുഷിക പരിഗണനവച്ചാണ് ഗനിക്ക് അഭയം നൽകിയതെന്ന് യുഎഇ അറിയിച്ചു.
അഫ്ഗാനിൽനിന്ന് കടന്ന ഗനി ആദ്യം താജിക്കിസ്ഥാനിലേക്കു രക്ഷപ്പെടാനാണ് ശ്രമിച്ചത്. എന്നാൽ അഭയം ലഭിക്കാതെവന്നതോടെ ഒമാനിലേക്കുപോയെന്നായിരുന്നു റിപ്പോർട്ട്.
നാലു കാറുകളിലും ഹെലികോപ്റ്ററിലും നിറയെ പണവുമായാണ് അഫ്ഗാൻ മുൻ പ്രസിഡന്റ് രാജ്യം വിട്ടത്. മുഴുവൻ പണവും ഹെലികോപ്റ്ററിൽ നി റയ്ക്കാൻ സാധിച്ചില്ല.
കുറെ പണം റൺവേയിൽ ഉപേക്ഷിച്ചിട്ടാണു ഗനിയും കൂട്ടാളികളും പോയതെന്ന് കാബൂളിലെ റഷ്യൻ എംബസി വക്താവ് നികിത ഇഷ്ചെൻകോ പറയുന്നു.