കാബൂൾ: നെഞ്ചിനുനേർക്കു തോക്കു ചൂണ്ടിയ താലിബാൻ ഭീകരനു മുന്നിൽ പതറാതെ നിൽക്കുന്ന അഫ്ഗാൻ വനിതയുടെ ചിത്രം ആഗോളസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ചൊവ്വാഴ്ച കാബൂളിൽ വനിതകളുടെ നേതൃത്വത്തിൽ നടന്ന പാക്കിസ്ഥാൻവിരുദ്ധ പ്രകടനത്തിൽനിന്നാണ് ഈ ചിത്രമെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.
റോയിട്ടേഴ്സ് വാർത്താ ഏജൻസി പകർത്തിയ ചിത്രം അഫ്ഗാനിസ്ഥാനിലെ ടോളോ ചാനലിന്റെ മാധ്യമപ്രവർത്തക സഹ്റ റഹീമിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘തോക്കൂചൂണ്ടിയ താലിബാൻകാരനെ ഭയമില്ലാതെ മുഖത്തോടുമുഖം നേരിടുന്ന വനിത’ – എന്നാണ് സഹ്റ ചിത്രത്തിനൊപ്പം എഴുതിയത്.
1989ൽ ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് ടാങ്കുകളെ ഒറ്റയ്ക്കു നേരിട്ട വിദ്യാർഥിയുടെ ചിത്രത്തിനു സമാനമാണ് ഈ ചിത്രമെന്നു വിലയിരുത്തപ്പെടുന്നു.