കാബൂൾ: അഫ്ഗാനിസ്ഥാൻ ചൊവ്വാഴ്ച ഉണർന്നത് പുതിയൊരു യുഗത്തിലേക്കാണ്. രണ്ടു പതിറ്റാണ്ടായി പേരിനെങ്കിലും സംരക്ഷണം നല്കിയിരുന്ന അമേരിക്കൻ സേന ചൊവ്വാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ വിട്ടു.
ഒരിക്കൽക്കൂടി രാജ്യം താലിബാൻ ഭരണത്തിൽ. ശരിയത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്ക് എന്തെങ്കിലും പരിഗണന ലഭിക്കുമോയെന്നതിൽ മനുഷ്യാവകാശ സംഘടനകൾ സംശയം പ്രകടിപ്പിക്കുന്നു.
പുതിയ പുലരി അഫ്ഗാൻ ജനതയ്ക്കു സമ്മാനിച്ചിരിക്കുന്നത് ആശങ്കയും അനിശ്ചിതത്വവും മാത്രം.
9/11 ഭീകരാക്രമണവും യുഎസ് സേനയുടെ വരവും
2001 സെപ്റ്റംബർ 11ന് അൽകഖ്വയ്ദ ഭീകരർ ന്യൂയോർക്കിലെ ലോകവ്യാപാര ആസ്ഥാനത്തും വാഷിംഗ്ടൺ ഡിസിയിലെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടത്തിയ ആക്രമണത്തിൽ മൂവായിരത്തോളം നിരപരാധികൾ കൊല്ലപ്പെട്ടു.
പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ഉത്തരവു പ്രകാരം ഡിസംബറിൽ യുഎസ് സേന പ്രതികാരത്തിനായി അഫ്ഗാനിസ്ഥാനിലെത്തി.
ബിൻ ലാദൻ അടക്കമുള്ള അൽഖ്വയ്ദ നേതൃത്വത്തെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം അന്ന് അഫ്ഗാൻ ഭരിച്ചിരുന്ന താലിബാൻ നിരസിച്ചു.
അമേരിക്കൻ സേന താലിബാൻ ഭരണകൂടത്തെ പുറത്താക്കി. 2004ൽ അമേരിക്കയുടെ പിന്തുണയോടെ ഹമീദ് കർസായിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നു.
തകർക്കാനാവാത്ത ശക്തി
രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ടെങ്കിലും താലിബാൻ ശിഥിലമായില്ല. പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന് ഭീകരസംഘടന വീണ്ടും ശക്തിപ്രാപിച്ചു.
രാജ്യമൊട്ടുക്ക് സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്തി സർക്കാർ സംവിധാനങ്ങളെ അസ്ഥിരമാക്കാൻ തുടങ്ങി. താലിബാനെ നേരിടാൻ അഫ്ഗാൻ സൈനികരെ പരിശീലിപ്പിക്കുന്നതിൽ യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചു.
2014ൽ യുഎസിനൊപ്പമുള്ള നാറ്റോ സേന അഫ്ഗാനിസ്ഥാനിൽ നേരിട്ടുള്ള യുദ്ധം അവസാനിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷാ ചുമതല പൂർണമായും അഫ്ഗാൻ സൈന്യത്തിനായി. ഇതോടെ താലിബാന്റെ തിരിച്ചുവരവിന് ആക്കം കൂടി.
എങ്ങനെയും രക്ഷപ്പെടാൻ യുഎസ്
അഫ്ഗാൻ ദൗത്യത്തിലെ പ്രധാന ലക്ഷ്യമായ ബിൻ ലാദനെ 2011ൽ പാക്കിസ്ഥാനിൽ രഹസ്യ ഓപ്പറേഷൻ നടത്തി വധിച്ചിരുന്നു. വർഷങ്ങൾ നീണ്ട യുദ്ധം അമേരിക്കയ്ക്കു മടുത്തുതുടങ്ങി.
ആൾനാശവും ധനനഷ്ടവും പെരുകിയപ്പോൾ പിന്മാറാനുള്ള ആലോചന ശക്തമായി. അമേരിക്കയുടെ ലോകപോലീസ് കളി ഇനിയില്ലെന്ന മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനികരെ പിൻവലിക്കാനുള്ള തീരുമാനത്തിൽ കലാശിച്ചു.
അഫ്ഗാനിസ്ഥാനിൽ സമാധാനം ഉറപ്പാക്കാൻ താലിബാനുമായി അനുരഞ്ജനമാണു പോംവഴിയെന്ന് അമേരിക്ക കരുതി. അവരുമായി സമാധാന ചർച്ചകൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടങ്ങി.
2020 ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും ധാരണയിലെത്തി. അൽക്വയ്ദ അടക്കമുള്ള ഭീകരസംഘടനകളെ അഫ്ഗാനിസ്ഥാനിൽ വളർത്തില്ലെന്ന താലിബാന്റെ ഉറപ്പ് അമേരിക്ക വിശ്വസിച്ചിരിക്കുന്നു.
ജനുവരിയിൽ യുഎസിൽ അധികാരത്തിലേറിയ പ്രസിഡന്റ് ജോ ബൈഡൻ മുൻ ഭരണകൂടത്തിന്റെ തീരുമാനപ്രകാരം സൈന്യത്തെ പിൻവലിക്കാനുള്ള പ്രഖ്യാപനം നടത്തി.
തിരിച്ചുപിടിച്ച് താലിബാൻ
മേയിൽ ബൈഡന്റെ പ്രഖ്യാപനം വന്നതു മുതൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളിൽ ആക്രമണം ശക്തമാക്കി.
പ്രവിശ്യാ തലസ്ഥാനങ്ങൾ ഒന്നൊന്നായി പിടിച്ചെടുക്കാൻ തുടങ്ങി. ഓഗസ്റ്റ് 15ന് രാജ്യതലസ്ഥാനമായ കാബൂൾ വീണു.
വെടിപൊട്ടിച്ച് ആഹ്ലാദം
അമേരിക്കൻ സേനയുടെ പിന്മാറ്റം താലിബാൻ ഭീകരർ അന്തരീക്ഷത്തിലേക്കു വെടിയുതിർത്താണ് ആഘോഷിച്ചത്.
തിങ്കളാഴ്ച അർധരാത്രിക്കുശേഷം കാബൂളിലുടനീളം വെടിയൊച്ചകൾ കേട്ടു. താലിബാൻകാർ ഉടൻതന്നെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കയറി പൂർണ നിയന്ത്രണം ഏറ്റെടുത്തു.
അവസാന യുഎസ് സൈനികൻ
മേജർ ജനറൽ ക്രിസ് ഡോണഹേ ആണ് അഫ്ഗാനിസ്ഥാനിൽനിന്നു മടങ്ങിയ അവസാന യുഎസ് സൈനികൻ.
കാബൂളിൽനിന്നുള്ള അവസാന വിമാനത്തിൽ അവസാനം കയറിയത് ഇദ്ദേഹമാണ്. 82-ാം എയർബോൺ ഡിവിഷന്റെ കമാൻഡറാണ് ഇദ്ദേഹം.
ആൾനാശം
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയുടെ ഗവേഷണപ്രകാരം ഇരുപതു വർഷത്തിനിടെ 69,000 അഫ്ഗാൻ സൈനികരാണു മരിച്ചത്.
51,000 തീവ്രവാദികളും സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും 3,500 സൈനികർ കൊല്ലപ്പെട്ടു (ഇതിൽ മൂന്നിൽ രണ്ടും അമേരിക്കൻ പട്ടാളക്കാരാണ്).
20,000 അമേരിക്കൻ പട്ടാളക്കാർക്കു പരിക്കേറ്റു. 2012 മുതൽ അഫ്ഗാനിസ്ഥാനിൽനിന്നു പലായനം ചെയ്തത് അരക്കോടി ജനങ്ങളാണ്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമായി പട്ടാള ആവശ്യങ്ങൾക്കും പുനർനിർമാണത്തിനും യുഎസ് ചെലവഴിച്ചത് 97800 കോടി ഡോളറാണ്.
വനിതാ അവകാശങ്ങൾ മാനിക്കപ്പെടുമോ?
വനിതകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഇസ്ലാമിക മൂല്യങ്ങൾ പ്രകാരം മാനിക്കുമെന്നാണ് താലിബാൻ അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് അവർ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിൽ വനിതകളും ചേരണമെന്നാണ് അവരുടെ അഭ്യർഥന.
അതേസമയം, വസ്ത്രധാരണത്തിലും ജോലി ചെയ്യുന്നതിലും വനിതകൾക്ക് എന്തുമാത്രം സ്വാതന്ത്ര്യം അനുവദിക്കപ്പെടുമെന്നതിൽ ആശങ്ക നിലനിൽക്കുന്നു.
തീവ്രവാദ കേന്ദ്രമാകുമോ?
ഒരിക്കൽക്കൂടി അഫ്ഗാനിസ്ഥാൻ ഭീകരസംഘടനകളുടെ വിളനിലമാകുമോ എന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന് വലിയ ആശങ്കയുണ്ട്.
താലിബാന്റെ തണലിൽ അൽഖ്വയ്ദയയും ഇസ്ലാമിക് സ്റ്റേറ്റും ശക്തിപ്രാപിക്കാം. തീവ്രവാദസംഘടനകളെ വളർത്തില്ലെന്ന താലിബാന്റെ ഉറപ്പ് വിശ്വാസയോഗ്യമോയെന്നു വൈകാതെ തെളിയും.