അമേരിക്കയില് അഭയം തേടിയെത്തിയ അഫ്ഗാന് പൗരന്മാരില് ചിലര് അമേരിക്കന് സൈനികോദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം നടത്തിയെന്ന് പരാതി.
അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ ഡോണ അന്ന അഭയാര്ഥി കേന്ദ്രത്തില് താല്ക്കാലികമായി പാര്പ്പിച്ചിരിക്കുന്ന ചില പുരുഷ അഭയാര്ഥികളാണ് സൈനികോദ്യോഗസ്ഥയെ ആക്രമിച്ചത്.
ഈ പരാതിയെപ്പറ്റി അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഏജന്റ് ജാനെറ്റ് ഹാര്പ്പര് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിനിരയായ യുവതി ഇപ്പോള് ആശുപത്രിയില് ചികിത്സയിലാണ്.
ഈ ആക്രമണത്തെ തുടര്ന്ന് കൂടുതല് സുരക്ഷാ ക്രമീകരണങ്ങള് ഈ അഭയാര്ത്ഥി കേന്ദ്രത്തില് ഏര്പ്പെടുത്തിയതായി എഫ്ബിഐ വൃത്തങ്ങള് പറയുന്നു.
അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കന് സൈന്യം മടങ്ങിയതിനു പിന്നാലെ നിരവധി അഫ്ഗാന് പൗരന്മാര്ക്ക് അമേരിക്ക അഭയം നല്കുകയും ചെയ്തിരുന്നു.
ഇങ്ങനെ കൃത്യമായ പരിശോധനകള് കൂടാതെ അഫ്ഗാനിസ്ഥാനിലെ പൗരന്മാര്ക്ക് അമേരിക്കന് മണ്ണില് അഭയം നല്കുന്നതിനെപ്പറ്റി പരക്കെ ആക്ഷേപങ്ങള് ഉയരുകയും ചെയ്തിരുന്നു.
ഇതിനിടെ ഇപ്പോള് ഉണ്ടായ ഈ ആക്രമണം, അഭയാര്ത്ഥി നയം പുനഃപരിശോധിക്കണം എന്നൊരു ആവശ്യവും അമേരിക്കയിലെ പല കോണുകളില് നിന്നും ഉയരാന് ഇടയാക്കിയിട്ടുണ്ട്.