ഗാന്ധിനഗർ: അഫീൽ ജോണ്‍സന്റെ ജീവൻ തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ചു തീവ്രപരിചരണ വിഭാഗത്തിനു മുന്നിൽ 18 ദിവസമായി കാത്തിരുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒടുവിൽ തീരാദുഃഖം സമ്മാനിച്ച് അവൻ മടങ്ങി.
കഴിഞ്ഞ നാലിനു പാലാ സ്റ്റേഡിയത്തിൽ നടന്ന മീറ്റിനിടെയായിരുന്നു അപകടം. പാലാ ഗവണ്മെന്റ് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും, രാത്രി 11.30 ന് ന്യൂറോ സർജറി വിഭാഗം ശസ്ത്രക്രിയയ്ക്കുശേഷം ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റുകയുമായിരുന്നു. 10 സെന്റിമീറ്റർ ആഴത്തിൽ തലയോട്ടി പൊട്ടി തലച്ചോറ് വെളിയിൽ വന്ന രീതിയിലായിരിന്നു ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് എല്ലാ ദിവസവും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ന്യൂറോ സർജറി മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ, നേത്രരോഗ വിദഗ്ധ ഡോ. വിജയമ്മ, ജനറൽ സർജറി വിഭാഗത്തിന്റെ ചുമതല കൂടിയുള്ള ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ തുടങ്ങി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലെയും ഡോക്ടർമാരുടെ സേവനം അഫീലിന് ലഭിച്ചിരുന്നു.
ഒരോ ദിവസം ഡോക്ടർമാർ പരിശോധന കഴിഞ്ഞ് പുറത്ത് ഇറങ്ങുന്പോൾ അഫീലിന്റെ മാതാപിതാക്കൾ ഡോക്ടർമാരുടെ അടുത്തുചെന്ന് എങ്ങനെയുണ്ട് സാറെ മോന് എന്നു ചോദിക്കും. ഇവരുടെ ചോദ്യത്തിനു മുന്പിൽ ഡോക്ടർമാർ പതറാതെ, പേടിക്കാനില്ല, കുറവുണ്ട് എന്നു മറുപടി പറയും. ഡോക്ടർമാർക്ക് അറിയാമായിരുന്നു അഫീലിന്റെ നില ഒരോദിവസവും ഗുരുതരമാകുകയായിരുന്നുവെന്ന്.
ഇന്നലെ ഉച്ചയ്ക്കുശേഷം ആരോഗ്യം പെട്ടെന്ന് മോശമാകുകയും വൈകുന്നേരം 4.10നു മരണം സംഭവിക്കുകയും ചെയ്തു. പാലാ സിഐയുടെ നേതൃത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒന്പതിനു പോസ്റ്റ്മോർട്ടം നടത്തി 10.30നു മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.