കണ്ണൂര്‍: ‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്- വീൽചെയറിലിരുന്ന് അഫ്ര നടത്തിയ ചികിത്സ സഹായാഭ്യർത്ഥന ആരും മറന്നുകാണില്ല.
വീല്‍ചെയറില്‍ ശരീരം തളരുമ്പോഴും മനസിന്റെ ഇച്ഛാശക്തികൊണ്ട് ജീവിതത്തെ തിരികെപ്പിടിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ മാട്ടൂലിലെ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ അഫ്ര ഇനി കണ്ണിരോർമ.
ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ ബാധിതനായ അനുജൻ മുഹമ്മദിന് വേണ്ടിയുള്ള അഫ്രയുടെ സഹായഭ്യർത്ഥന ലോകമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.
അഫ്രയുടെ അഭ്യർഥന കേട്ട് അനുജന്റെയും അഫ്രയുടെയും ചികിത്സയ്ക്കുമായി ലോകത്തിന്റെ നാനാതുറകളിലുള്ള മനുഷ്യസ്നേഹികൾ 46 കോടി രൂപയാണ് സ്വരുക്കൂട്ടി നല്‍കിയത്.
പിന്നീട് അനുജൻ മുഹമ്മദിന്റെ ചികിത്സക്കായി ലഭിച്ച തുകയില്‍നിന്ന് ഏഴ് കോടിയോളം രൂപ എസ്എംഎ ബാധിച്ച മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്കായി നല്കുമ്പോഴും നിറപുഞ്ചിരിയുമായി അഫ്രയുടെ നല്ല മനസുണ്ടായിരുന്നു.
കേരളത്തിലെ നൂറോളം എസ്എംഎ ബാധിതരുടെ പ്രതീക്ഷയായും കരുത്തുമായിരുന്നു അഫ്രയുടെ പുഞ്ചിരി. അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നത് കാത്തിരിക്കുകയായിരുന്നു നാട്ടുകാര്‍.
മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അഫ്ര. ഉമ്മ: മറിയുമ്മ. അൻസില മറ്റൊരു സഹോദരിയാണ്.