ന്യൂഡല്‍ഹി: ഒടുവില്‍ ആഫ്രിക്കയില്‍നിന്നുള്ള ടീമുകളുമായി. ഇനി ലോകകപ്പിന്റെ ആരവങ്ങളിലേക്ക്. ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ അന്തിമ ലിസ്റ്റായി. ഗാബണില്‍ നടക്കുന്ന അണ്ടര്‍ 17 ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മുന്നിലെത്തിയ ആദ്യ നാലു ടീമുകളാണ് ലോകകപ്പിനു യോഗ്യത നേടിയത്. മാലിയും നൈജറുമാണ് പട്ടികയിലേക്ക് അവസാനമെത്തിയത്. ഇരുടീമും ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെമിഫൈനലില്‍ കടന്നതോടെയാണ് യോഗ്യത ഉറപ്പിച്ചത്.
സെമിയിലെത്തിയ ഘാന, ഗയാന എന്നീ രാജ്യങ്ങളും ആഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തും. അംഗോളയെ 6-1നു പരാജയപ്പെടുത്തിയാണ് നിലവിലെ ആഫ്രിക്കന്‍ കപ്പ് ചാമ്പ്യന്മാരായ മാലി ഫൈനലിലെത്തിയത്. ഇത് അഞ്ചാം തവണയാണ് മാലി അണ്ടര്‍ 17 ലോകകപ്പ് കളിക്കുന്നത്.
1997, 1999, 2001, 2015 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. അതേസമയം, നൈജര്‍ ആദ്യമായാണ് ലോകകപ്പിനു യോഗ്യത നേടുന്നത്. ടാന്‍സാനിയയെ 1-0നു പരാജയപ്പെടുത്തി ഫൈനലിലെത്തിയതോടെയാണ് നൈജറിനു യോഗ്യത ലഭിച്ചത്. നേരത്തെ യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ, ഓഷ്യാനിയ, കോണ്‍കാകാഫ് മേഖലകളില്‍നിന്നുള്ള ടീമുകളുടെ പട്ടികയായിരുന്നു.
എല്ലാ മേഖലയില്‍നിന്നും വമ്പന്മാര് ടീമിലിടം പിടിച്ചു. എന്നാല്‍, കടുത്ത പോരാട്ടം നടന്ന യൂറോപ്പില്‍നിന്ന് ഇറ്റലി, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നീ പ്രമുഖര്‍ക്ക് യോഗ്യത ലഭിച്ചില്ല. ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത ലഭിക്കാതെപോയ പ്രധാന ടീം അര്‍ജന്റീനയാണ്.
ആഫ്രിക്കയില്‍നിന്ന് നിലവിലെ ചാമ്പ്യന്മാരായ നൈജീരിയയ്ക്ക് യോഗ്യത നേടാനായില്ല. കാമറൂണ്‍, ഐവറികോസ്റ്റ് തുടങ്ങിയ പ്രമുഖര്‍ക്കും യോഗ്യതയില്ല. ഏഷ്യയില്‍നിന്നു യോഗ്യത ലഭിക്കാത്ത പ്രമുഖ ടീം ദക്ഷിണകൊറിയയും സൗദി അറേബ്യയുമാണ്. ഓഷ്യാനിയയില്‍നിന്ന് ഓസ്ട്രേലിയയ്ക്കു യോഗ്യത ഇല്ല. 24 ടീമുകളാണ് ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്നത്.