അവരുടേതല്ലാത്ത കുറ്റം കൊണ്ട് നാടു വിട്ടോടേണ്ടി വരുന്ന ആളുകളാണ് അഭയാര്‍ഥികള്‍. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന രാജ്യങ്ങളുടെ കടയ്ക്കല്‍ ഇത്തരക്കാള്‍ കത്തിവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പലപ്പോഴും കണ്ടുവരുന്നത്.
ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ പോലും വേട്ടക്കാരനു നീതി ഉറപ്പാക്കാനായി മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും നിലകൊള്ളുമ്പോള്‍ ഇല്ലാതെയാകുന്നത് സത്യത്തിലധിഷ്ഠിതമായ നീതിയാണ്.
ഏറ്റവും ഒടുവില്‍ നമ്മള് അത് കണ്ടത് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ച റുവാണ്ടന്‍ പദ്ധതിക്ക് എതിരെ ആയിട്ടായിരുന്നു.
പരിധിവിട്ട് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ഒരു രാജ്യത്തിനും നല്ലതാവില്ലെന്ന് ഇതിനോടകം പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്.
പറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ് കുടിയേറ്റം. അപ്പോള്‍ അനധികൃത കുടിയേറ്റം തീരെ അനുവദിക്കാന്‍ കഴിയാത്ത ഒന്നു തന്നെയാണ്.
സ്വന്തം പൗരന്മാരെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ് ഏതൊരു രാജ്യത്തേയും ഭരണകൂടങ്ങളുടെ ആത്യന്തികമായ കടമ. അത് നിര്‍വ്വഹിക്കുവാന്‍ ചിലപ്പോള്‍ ചില കര്‍ശന നടപടികള്‍ ആവശ്യമായി വരുകയും ചെയ്തേക്കാം.
ഈ ചിന്തയിലൂന്നിയായിരുന്നു റുവാണ്ടന്‍ പദ്ധതി ബ്രിട്ടന് കൈക്കൊണ്ടത്. മനുഷ്യക്കടത്ത് മാഫിയയുടെ സഹായത്താല്‍ കടല്‍ മാര്‍ഗ്ഗവും കര മാര്‍ഗ്ഗവും ബ്രിട്ടനിലെത്തുന്നവരെ റുവാണ്ടയിലേക്ക് നാടു കടത്തുന്ന പദ്ധതിക്കെതിരെ പക്ഷെ ചില കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്ന ചില അഭിഭാഷകര്‍, ഇത്തരത്തില്‍ അനധികൃതമായി എത്തിയവര്‍ക്കായി നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. അതിന്റെ ഫലമായി, റുവാണ്ടയിലേക്ക് യാത്ര തിരിക്കാനിരുന്ന ആദ്യ വിമാനംറദ്ദ് ചെയ്യേണ്ടതായും വന്നു.
ഈ സാഹചര്യത്തിലാണ് ബ്രിട്ടനില്‍ നിന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു ഞെട്ടിക്കുന്ന വാര്‍ത്ത ചര്‍ച്ചയാകുന്നത്.
സ്വന്തം നാട്ടില്‍ ജീവിക്കാന്‍ വഴിയില്ലാതായപ്പോള്‍ അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറിയ ഒരു ആഫ്രിക്കന്‍ യുവാവിന്റെ കഥയാണിത്.
ജീവിതം വഴിമുട്ടിനിന്ന ഇയാളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച ബ്രിട്ടനോടുള്ള നന്ദി ഇയാള്‍ കാണിച്ചത് ഒരു കൗമാരക്കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊണ്ടായിരുന്നു.
പിടിയിലായ ഇയാള്‍ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഇയാളെ നാടുകടത്താനായിരുന്നു തീരുമാനം.
ബ്രിട്ടനിലെ നിയമങ്ങള്‍ അനുസരിച്ച് ഇയാളെ തിരിച്ചറിയാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്നതിനാല്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇയാളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല.
30 വയസ്സുള്ള ഒരു അഫ്രിക്കന്‍ സ്വദേശി എന്നു മാത്രമാണ് ഇയാളെ കുറിച്ച് പരാമര്‍ശിക്കുന്നത്. 2016-ല്‍ ഇയാളെ നാടുകടത്താന്‍ ഒരുങ്ങിയപ്പോള്‍ സ്വയം പ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
നിയമനടപടികളിലൂടെ അത് വൈകിപ്പിക്കുകയും ചെയ്തു. ഇന്നും ഇയാള്‍ സസുഖം ബ്രിട്ടനില്‍ താമസിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്.
2016 മുതല്‍ ഇന്നുവരെ ഇയാള്‍ നല്കിയ 15-ഓളം അപേക്ഷകളിന്മേലാണ് തീര്‍പ്പു കല്പിക്കാനുള്ളത്. അതുവരെ അയാളെ നാടുകടത്താന്‍ കഴിയില്ല.
നിയമത്തിലെ ഈ പിഴവ് ഉപയോഗിച്ചാണ് കൃത്യമായ ഇടവേളകളില്‍ പരാതി നല്കി ഇയാള്‍ ബ്രിട്ടനില്‍ തുടരുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു.
മാത്രമല്ല, അഞ്ചു ലക്ഷം പൗണ്ടിലധികം ഇയാളുടെ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ പൊതുഖജനാവില്‍ നിന്നും പണം ചെലവഴിക്കുകയും ചെയ്തുകഴിഞ്ഞു.
ഇയാളെ ഇതുവരെ നാടു കടത്താന്‍ കഴിയാത്തത് തീര്‍ത്തും നിരാശാജനകമാണെന്നാണ് ഇര പറയുന്നത്. എന്നെങ്കിലും ഇയാളെ ഇവിടെനിന്നും പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു എന്നും അവര്‍ പറയുന്നു.
അനധികൃതമായി എത്തുകയും പിന്നീട് കുറ്റകൃത്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്ക് സംരക്ഷിക്കപ്പെടേണ്ട എന്ത് അവകാശങ്ങളാണ് ഉള്ളതെന്നാണ് അവര്‍ ചോദിക്കുന്നത്.
ബ്രിട്ടനില്‍ നിന്നും തിരിച്ചയയ്ക്കാതിരിക്കാനുള്ള അവസാന ശ്രമത്തില്‍ അയാള്‍ അവകാശപ്പെട്ടത് തനിക്ക് തീവ്രവാദികളുടെ ഭീഷണി ഉണ്ടെന്നും ബ്രിട്ടനില്‍ നിന്നും തിരിച്ചയച്ചാല്‍ തന്റെ ജീവന് നഷ്ടപ്പെടും എന്നുമായിരുന്നു.
അതിന് തെളിവായി കുറേ തീവ്രവാദികള്‍ എന്ന് പറയപ്പെടുന്നവര്‍ ഇയാളെ ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോയും ഹാജരാക്കുകയുണ്ടായി.
തികച്ചും വിചിത്രമെന്നു പറയട്ടെ, നിയമം അനുശാസിക്കുന്നതിനാല്‍, ഇയാള്‍ക്ക് ഇപ്പോള്‍ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയായി മാറിയിരിക്കുകയാണ്.
അയാള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് മികച്ച മെന്റല്‍ കെയര്‍ സംവിധാനമൊരുക്കുവാനും സര്‍ക്കാര്‍ ബാദ്ധ്യസ്ഥമായി.
ആത്മഹത്യാ വാദം പോലും നാടുകടത്താതിരിക്കാനുള്ള കാരണമായി മനുഷ്യാവകാശ നേതാക്കള്‍ നല്കിയ പരാതിയിലുണ്ട്.
ഇയാള്‍ കുറ്റം ചെയ്തതായി തെളിഞ്ഞ ഉടനെ 2016-ല്‍ തന്നെ ഇയാളുടെ അഭയാര്‍ത്ഥി എന്ന സ്റ്റാറ്റസ് അന്നത്തെ തെരേസാ മേ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു.
2019-ല്‍ ഇയാളെ നാടുകടത്താനുള്ള വിധിയും വന്നിരുന്നു. അപ്പോഴായിരുന്നു ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയാണെന്നും, നാടുകടത്തുന്നത് അയാളുടെ ജീവനു തന്നെ ഭീതിയായേക്കാം എന്നും വിവരിച്ച് നാടുകടത്തുന്നതിനെതിരെ അപ്പീല്‍ പോകുന്നത്.
ബ്രിട്ടനിലെ മോഡേണ്‍ സ്ലേവറി നിയമവും ഒരു പരാതിയില്‍ ഇയാള്‍ ഉപകരണമാക്കിയിട്ടുണ്ട്.