കാസർഗോഡ്: ആഫ്രിക്കൻ ഒച്ചിനെതിരേ ജാഗ്രതാനിർദേശവുമായി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്ര(സിപിസിആർഐ)ത്തിലെ കാർഷികശാസ്ത്രജ്ഞർ. അടുത്തിടെയായി മീഞ്ച, പൈവെളിഗെ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണമുണ്ടായിട്ടുണ്ട്.
വിദേശത്തു നിന്ന് എത്തിയിട്ടുള്ള ആഫ്രിക്കൻ ഒച്ചുകൾ വളരെയധികം വ്യാപനശേഷിയുള്ളതാണ്. ഒന്നോ രണ്ടോ കൃഷിയിടങ്ങളിൽ മാത്രമായി ഇവയെ നിയന്ത്രിക്കുന്നത് ഫലപ്രദമാവില്ല. ഒച്ചുബാധയുള്ള പ്രദേശങ്ങളിലെയും ആൾക്കാരുടെ കൂട്ടായ്മയോടെയുള്ള നടപടികൾ കൊണ്ടുമാത്രമേ ഒച്ചുനിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
മീഞ്ച പഞ്ചായത്ത് ഹാളിൽ സിപിസിആർഐയുടെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ പരിപാടിയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി. തന്പാൻ ക്ലാസ് നയിച്ചു.
തുടർന്നുനടന്ന ചർച്ചയിലും കൃഷിയിട സന്ദർശന പരിപാടിയിലും കൃഷിശാസ്ത്രജ്ഞരായ ഡോ. കെ.ബി. ഹെബ്ബാർ, ഡോ. വിനായക ഹെഗ്ഡെ, ഡോ. എം.കെ. രാജേഷ്, ഡോ. പി.എസ്. പ്രതിഭ, ഡോ. എസ്. നീനു, ആത്മ പ്രോജക്ട് ഡയറക്ടർ സുഷമ, ഡെപ്യൂട്ടി ഡയറക്ടർ കെ. സജീവ്കുമാർ, വാർഡംഗം ശാലിനി ഷെട്ടി, കൃഷി ഓഫീസർമാരായ സാജു, അഞ്ജന എന്നിവർ സംബന്ധിച്ചു.
ആഫ്രിക്കൻ ഒച്ച് എന്ന വെല്ലുവിളി
മുട്ട വിരിഞ്ഞ് ആറുമാസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന ആഫ്രിക്കൻ ഒച്ചുകൾക്കു അഞ്ചു മുതൽ പത്തു വർഷം വരെ ആയുസുണ്ട്. ഒരു സീസണിൽ നൂറു മുതൽ അഞ്ഞൂറ് മുട്ടവരെ ഇവയിടും. ഒച്ചുകൾക്ക് അഞ്ചു മുതൽ 20 സെന്റിമീറ്റർ വരെ നീളമുണ്ട്. പ്രതികൂലകാലാവസ്ഥയിൽ (കഠിനമായ ചൂടിലും തണുപ്പിലും) കട്ടിയുള്ള പുറന്തോടിനുള്ളിൽ മൂന്നുവർഷം വരെ സുഷുപ്താവസ്ഥയിൽ കഴിയുവാൻ ഈ ഒച്ചുകൾക്ക് സാധിക്കും.
അതുകൊണ്ടുതന്നെ ഇവയുടെ നിയന്ത്രണം എളുപ്പമല്ല. നദീതീരങ്ങളിലും, മരങ്ങൾ കൂടിനിന്ന് ഈർപ്പമുള്ള സ്ഥലങ്ങളിലും വനങ്ങളിലും റബർ തോട്ടങ്ങളിലും എപ്പോഴും വെള്ളംവീണു നനഞ്ഞ പ്രദേശങ്ങളിലും, മതിലുകളിലും കവുങ്ങു പോലുള്ള വിളകളുടെ തടികളിലും, മാലിന്യങ്ങളിലും ആണ് ഒച്ചുകൾ വ്യാപകമായി കാണുന്നത്.
മഴക്കാലം തുടങ്ങുന്നതോടെ ഇവ കൂട്ടമായി പുറത്തേക്ക് ഇറങ്ങുകയും ചെയ്യും. ആഫ്രിക്കൻ ഒച്ചുകൾ അഞ്ഞൂറിൽപ്പരം സസ്യങ്ങൾ ഭക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഒച്ചുകൾ ഉള്ള സ്ഥലത്ത് മനുഷ്യരിൽ ചൊറിച്ചിൽ, മെനിൻഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്.
നിയന്ത്രണ നിർദേശങ്ങൾ
വേനൽക്കാലത്ത് ആഫ്രിക്കൻ ഒച്ച് സുഷുപ്താവസ്ഥയിൽ കഴിയുന്ന സമയത്ത് അവയുടെ താവളം കണ്ടെത്തി നശിപ്പിക്കുകയാണ് ഒച്ചുകളെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
തോട്ടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നത് ഇവയുടെ ആക്രമണത്തോത് കുറയ്ക്കും.8സൂര്യാസ്തമയത്തിനു ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞുള്ള സമയങ്ങളിലാണ് ഇവ പുറത്തേക്ക് വരുന്നത്. ഈ സമയത്ത് ഇവയെ കൂട്ടത്തോടെ ശേഖരിച്ച് ഉപ്പുവെള്ളത്തിലിട്ടു കൊന്നു കുഴിച്ചുമൂടുക.
നനഞ്ഞ ചണച്ചാക്കുകളിൽ കാബേജ് ഇലകൾ, പപ്പായ ഇലകൾ, പപ്പായ തണ്ട് എന്നിവ വച്ച് അവയിലേക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ ശേഖരിക്കുക. ഇപ്രകാരം ശേഖരിച്ച ഒച്ചുകളെ ഉപ്പുവെള്ളം ഉപയോഗിച്ച് കൊന്നുകളയുക.
ഒരു ലിറ്റർ വെള്ളത്തിൽ 25 ഗ്രാം പുകയില ചേർത്ത് തിളപ്പിച്ചത് 60 ഗ്രാം കോപ്പർ സൾഫേറ്റ് ( തുരിശ്) ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി സംയോജിപ്പിച്ച് മതിലുകളിലും, ഒച്ച് പെരുകുന്ന ഇടങ്ങളിലും തളിച്ചുകൊടുത്ത് അവയെ നിയന്ത്രിക്കാം.
മരങ്ങളുടെ തടിയിലും മറ്റ് ചെടികളിലും (വെള്ളരി വർഗ വിളകളിൽ ഒഴികെ) ഒരു ശതമാനം ബോർഡോമിശ്രിതം തളിക്കുന്നതും ഫലപ്രദമാണ്.
ഒച്ചുകളെ അകറ്റിനിർത്താൻ പ്രതിരോധത്തിനായി വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം വീടിന്റെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും തളിക്കാം. പുകയിലപ്പൊടി, തുരിശ് പൊടി, ബോറാക്സ് പൗഡർ എന്നിവ വിതറുന്നതും ഒച്ചുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
ഒന്നോ രണ്ടോ പുരയിടങ്ങളിൽ മാത്രമായി ഒച്ചിനെ നിയന്ത്രിക്കുന്നത് ഫലപ്രദമാവില്ല. കൃഷിവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ ഏജൻസികളുടെ നേതൃത്വത്തിൽ ഒരു പ്രദേശത്തുള്ള ജനങ്ങളെ മുഴുവൻ സംഘടിപ്പിക്കണം. അത്തരം ജനകീയകൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ ഒച്ചിനെതിരേ സംയോജിതനിയന്ത്രണ മാർഗങ്ങൾ കൂട്ടായി അവലംബിച്ചാൽ മാത്രമേ ആഫ്രിക്കൻ ഒച്ചുകളെ ഫലപ്രദമായി നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ.