കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ സാന്ദ്രത കുറയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘പാഠം ഒന്ന് -ഒച്ച്’ എന്ന പരിപാടി് 25 മുതൽ 31 വരെ ജില്ലയിലുടനീളം നടപ്പാക്കും.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന, പാടശേഖര സമിതികൾ, പച്ചക്കറി കർഷകരുടെ സംഘങ്ങൾ, കർഷക കൂട്ടയ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം ഒച്ചുകളെ കെണികൾ ഉണ്ടാക്കി പിടിച്ചു നശിപ്പിക്കുകയാണു പരിപാടി.
ഇതിനായി കാബേജ്, കോളിഫ്ളവർ, പപ്പായ, എന്നിവയിലൊന്നിന്റെ ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ ചതക്കുകയോ ചെയ്തശേഷം നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ടു വീടിനു ചുറ്റുംവച്ച് കെണിയൊരുക്കും.
തുടർന്ന് ഒച്ചിനെ പിടികൂടി ഉപ്പു വെള്ളത്തിൽ (ഒരു ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ്) ഇട്ടു നശിപ്പിക്കും. ചത്ത ഒച്ചുകളെ പ്രദേശത്തുതന്നെ കുഴികളിലിട്ടു മൂടും.
വൈകുന്നേരങ്ങളിൽ കെണിവയ്ക്കുകയും രാത്രിയിൽ തന്നെ കുഴിച്ചുമൂടുകയും ചെയ്യും. ഇപ്രകാരം ഒരാഴ്ചക്കാലം ജില്ലയിലുടനീളം ഒച്ചുകളെ നശിപ്പിക്കും.
താറാവുകളെ വളർത്തുന്നതാണ് പ്രധാന ജൈവ നിയന്ത്രണ മാർഗം. ഒച്ചുകൾ താറാവുകളുടെ ഇഷ്ട ഭക്ഷണമാണ്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ 24നു രാവിലെ 10.30നു നിർവഹിക്കും.
ആഫ്രിക്കൻ ഒച്ച് പ്രശ്നമാണോ? അറിയിക്കാം
കോട്ടയം: ആഫ്രിക്കൻ ഒച്ച് നിങ്ങളുടെ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ ഇതു സംബന്ധിച്ച വിവരങ്ങൾ tthsp://forsm.gle/79PZ3LiG777wwMhB8 എന്ന ഗൂഗിൾ ഫോം വഴി പൂരിപ്പിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.