അഫ്രിക്കന്‍ ഒച്ചുകളുടെ തേര്‍വാഴ്ച കൊച്ചിയെ ഭീതിയിലാഴ്ത്തുന്നു.കൊച്ചിയിലെ കാക്കനാട്, കളമശേരി, ഏലൂര്‍, പശ്ചിമ കൊച്ചി മേഖലകളിലാണ് വീടിനകത്തു നുഴഞ്ഞു കയറി അഫ്രിക്കന്‍ ഒച്ചുകള്‍ വന്‍ നാശം വിതയ്ക്കുന്നത്. അടുക്കളയില്‍ പാത്രങ്ങളില്‍ ഉള്‍പ്പെടെ കയറുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണു നാട്ടുകാര്‍. കൈപ്പത്തിയോളം വലുപ്പമുണ്ട് ഇവയില്‍ മിക്കതിനും. ഇവ പറ്റിപ്പിടിച്ചു കയറുമെന്നതിനാല്‍ വീടിന്റെ ജനാലകള്‍ പോലും തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇവയുടെ ശരീര സ്രവം ശുദ്ധജലത്തില്‍ കലര്‍ന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ജനം ഭീതിയിലാണ്. കിണറിന്റെ പരിസരത്തും ഇവ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ജല ശുചിത്വം ഉറപ്പാക്കാനും മാര്‍ഗമില്ല. നശിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികളില്ല എന്നതാണ് ഇവയുടെ വ്യാപനത്തിന് ഇടയാക്കുന്നത്. വ്യവസായ മേഖലയായ ഏലൂര്‍, കളമശേരി നഗരസഭകളില്‍ അഞ്ചു വര്‍ഷമായി ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും മഴക്കാലത്ത് ഇവ പെരുകുന്നതോടെ ശല്യം രൂക്ഷമാവും.
പുത്തലത്ത് വാര്‍ഡിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വാഴ, പപ്പായ, പച്ചക്കറികള്‍, ചെടികള്‍ എന്നിവയുടെ ഇലകളെല്ലാം ഇവ തിന്നു നശിപ്പിക്കും. വീടിന്റെ ഭിത്തികളുടെയും മതിലുകളുടെയും കുമ്മായവും ഇവയുടെ ആഹാരമാണ്. പേപ്പര്‍ വരെ ഇവ തിന്നു തീര്‍ക്കും. കാക്കനാട് മേഖലയിലെ മതിലുകളില്‍ പതിച്ച പോസ്റ്റര്‍ ഉള്‍പ്പെടെ ഇവയുടെ ആഹാരമായി. കുട്ടികള്‍ ഇവയെ കളിക്കാനെടുക്കുന്നതും രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. ചമ്പന്നൂരില്‍ വെള്ളമിറങ്ങിയപ്പോള്‍ വീടിന്റെ ഭിത്തികളില്‍ കണ്ട ഒച്ചുകള്‍.
മുന്‍പു ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയിരുന്നു. ഇവയെ കൂട്ടത്തോടെ ശേഖരിച്ച ശേഷം ഉപ്പുലായനി തളിക്കുകയാണു നശീകരണ മാര്‍ഗം. എന്നാല്‍, ഇതു പൂര്‍ണമായി ഫലം ചെയ്യുന്നില്ല. ടിസിസിയില്‍ നിന്ന് ഉപ്പ് സൗജന്യമായി നല്‍കിയിരുന്നു. വാര്‍ഡുകളിലേക്ക് ആവശ്യമായ ഉപ്പ് നഗരസഭകളില്‍ നിന്നു ലഭ്യമാക്കുന്നുണ്ട്. കളമശേരി നഗരസഭയിലെ ഒട്ടുമിക്ക വാര്‍ഡുകളിലും ഒച്ച് ശല്യം വലിയ തോതിലുണ്ട്. ഫോര്‍ട്ട്കൊച്ചി, തോപ്പുംപടി മേഖലകളിലും ശല്യം രൂക്ഷമാണ്. കലക്ടറേറ്റിനു മുന്പിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഒച്ചുകളുടെ വലിയ പട തന്നെയുണ്ട്.
പുകയിലയും തുരിശും ചേര്‍ന്ന മിശ്രിതമാണ് ഒച്ചുകളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. മിശ്രിതം തയാറാക്കേണ്ട വിധം 25 ഗ്രാം പുകയില ഒന്നര ലീറ്റര്‍ വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിക്കുക അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം പുകയില ഉപയോഗിക്കുന്നതിന്റെ തലേ ദിവസം ഇട്ടുവയ്ക്കുക. 60ഗ്രാം തുരിശ് ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. രണ്ടു ലായനികളും ഒന്നിച്ചു ചേര്‍ക്കുക. ഈ മിശ്രിതത്തെ അരിച്ചെടുക്കുക. ഇതു സ്പ്രേ ചെയ്യുക. പുകയിലയുടെയും തുരിശിന്റെയും അനുപാതം നിലനിര്‍ത്തി ആവശ്യാനുസരണം അളവ് കൂട്ടാം.