ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍ കേന്ദ്രത്തിലെയും സമീപത്തെ വളര്ത്തുകേന്ദ്രത്തിലെയും 18 പന്നികളെയാണ് പ്രത്യേക സംഘം ഇലക്ട്രിക് ഷോക്ക് നല്കി കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്.
മൂന്നു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃഗസംരക്ഷണവകുപ്പില്നിന്നും പ്രത്യേക പരിശീലനം ലഭിച്ച ഡോ.ജോമോന്, ഡോ. എഡിസണ്, ഡോ. സംഗീത്, ഡോ. അനുരാജ്, ഡോ. മുഹമ്മദ് ഷിഹാബ്, ഡോ. റാണി ഭരതന് ലൈഫ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാരായ ജയപ്രകാശ്, സഞ്ജീവന്, അഭിലാഷ്, ജിജിതോമസ്, സുജിമോന്‍ തുടങ്ങിയവരാണ് പ്രത്യേക സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് നടപടികള്‍ ക്രമീകരിച്ചത്.
ജില്ലാ ഓഫീസര്‍ ഡോ. സജീവ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വിമല്‍ സേവ്യര്‍, ഡോ.വൈശാഖ് മോഹന്‍ എന്നിവരും സ്ഥലത്തെത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ശശികലയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തും രംഗത്തുണ്ടായിരുന്നു. രണ്ടു കേന്ദ്രങ്ങളിലായി 13 പന്നികളെയാണ് കഴിഞ്ഞ ദിവസം കൊല്ലാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, കഴിഞ്ഞദിവസം ഒരു പന്നി പ്രസവിച്ച സാഹചര്യത്തില്‍ അഞ്ചു കുഞ്ഞുങ്ങളുമായി. വ്യാഴാഴ്ചയാണ് ഇവിടെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു പന്നികള്‍ രോഗം ബാധിച്ചു ചത്തിരുന്നു. ഇതേതുടര്‍ന്നാണ് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. എല്ലാ നടപടികളും മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയാണ് പന്നികളെ കൊന്നു സംസ്കരിച്ചതെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച സംഘം വീണ്ടുമെത്തി പന്നികളെ കുഴിച്ചിട്ടയിടങ്ങളില്‍ അണുനാശിനി സോഡിയം സൈപ്പോക്ലോറൈറ്റ് തളിക്കും. തുടര്‍ന്നും വകുപ്പിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തും. അഞ്ചുദിവസം കൂടുമ്പോള്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ പന്നിവളര്‍ത്തുന്നതിനും വില്പനയ്ക്കുമടക്കമുള്ള നിയന്ത്രണങ്ങളും 10 കിലോമീറ്റര്‍ പരിധിയിലെ നിരീക്ഷണവും അടുത്ത രണ്ടുമാസം തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.