പന്നി കര്ഷകരെ ആശങ്കയിലാഴ്ത്തി ഇടുക്കിയില് വീണ്ടും ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചു.
വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര് ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കും.
പടമുഖത്തെ ബീനാ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമില് 250 ഓളം പന്നികളുണ്ടായിരുന്നു.
പനിയെ തുടര്ന്ന് പന്നികള് കഴിഞ്ഞ ദിവസങ്ങളില് കൂട്ടത്തോടെ ചത്തിരുന്നു. തുടര്ന്ന് സാംപിളുകള് ശേഖരിച്ച് ബംഗളൂരുവിലെ ലാബില് പരിശോധനയ്ക്കായി അയച്ചിരുന്നു.
ഇതിന്റെ ഫലം വന്നതോടെയാണ് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഫാമിന് ഒരു കിലോമീറ്റര് ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു.
പഞ്ചായത്തിലെ അഞ്ച് വാര്ഡുകളാണ് ഈ രോഗബാധിത മേഖലയില് ഉള്പ്പെടുക. പനി സ്ഥിരീകരിച്ച ഫാമില് ബാക്കിയുണ്ടായിരുന്ന പന്നികളെ ഇന്ന് കൊന്നൊടുക്കും.
രോഗം സ്ഥിരീകരിച്ച ഫാമില് നിന്നും അടുത്തിടെ മറ്റ് എവിടെക്ക് എങ്കിലും പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.
പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഫാമിനിന്റെ പത്ത് കിലോമീറ്റര് ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പന്നി മാംസം വില്ക്കുന്നതും പന്നികളെ കൊണ്ടുപോകുന്നതും നിരോധിച്ചു.