ഡല്‍ഹിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ പുരുഷന്മാര്ക്കായി. ആഫ്രിക്കയില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭ സംഘം. ബിബിസിയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഒളിക്യാമറ വച്ച് ബിബിസി തുഗ്ലക്കാബാദില്‍ നിന്നു പകര്‍ത്തിയ വിഡിയോയില്‍ പെണ്‍വാണിഭത്തിനു പിന്നിലെ പ്രധാന ആള് എഡി എന്ന ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി. കെനിയ സ്വദേശിനിയായ ഗ്രേസ് എന്ന യുവതിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ബിബിസി കണ്ടെത്തിയത്.
മകളെ നോക്കാന്‍ പണമുണ്ടാക്കാനായാണ് ഗ്രേസ് ഒരു ഏജന്റ് വഴി ഇന്ത്യയിലെത്തിയത്.ഇന്ത്യയില്‍ ഡാന്‍സര്‍മാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്ക് ഒഴിവുണ്ടെന്ന് കാട്ടിയാണ് ഗ്രേസിനെ എത്തിച്ചത്. നല്ല പണം ലഭിക്കുമെന്നറിയിച്ചതോടെ ഗ്രേസ് ഇന്ത്യയിലേക്കു വരാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെത്തിയ ശേഷമാണ് എന്താണു ജോലിയെന്നു മനസ്സിലായതെന്ന് ഗ്രേസ് പറഞ്ഞു.
” വിമാനത്താവളത്തില്‍ നിന്നും അവര്‍ എന്നെ വിളിച്ചു കൊണ്ടു പോയത് ഒരു വേശ്യാലയത്തിലേക്കാണ്. ഗോള്‍ഡീ എന്നു വിളിപ്പേരുള്ള സ്ത്രീക്കായിരുന്നു അതിന്റെ ചുമതല. യാത്രാച്ചെലവുകള്‍ നോക്കിയത് അവരാണെന്നാണു പറയുന്നത്. അതിനായി ചെലവായ 4,000 ഡോളര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ പാസ്പോര്‍ട്ട് വാങ്ങിവച്ചു. ഇന്ത്യയിലേക്കുള്ള ശരിയായ ടിക്കറ്റ് നിരക്കിന്റെ ഏഴിരട്ടിയായിരുന്നു ഇത്. ഈ കടം തിരിച്ചടയ്ക്കാന്‍ എനിക്ക് ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത് ഇതേരീതിയില്‍ കടത്തപ്പെട്ട നാലു സ്ത്രീകള്‍ക്കൊപ്പം ഒരു മുറിയിലാണ് എട്ടു മാസത്തോളം കഴിഞ്ഞത്. ദിവസവും മുറിയിലേക്ക് ആണുങ്ങള് വരും, അല്ലെങ്കില്‍ ഹോട്ടലിലേക്കു പോകണം.
എല്ലാ ദിവസവും വൈകിട്ടോടെ ‘കിച്ചന്‍സ്’ എന്നറിയപ്പെടുന്ന ചെറുബാറുകളിലേക്കു പോകേണ്ടി വരും. ന്യൂഡല്‍ഹിയിലെ ആഫ്രിക്കന്‍ യുവാക്കളുടെ വിനോദത്തിനായി ഉള്ള ചെറു ബാറുകളാണ് ‘കിച്ചന്‍സ്’ എന്ന് അറിയപ്പെടുന്നത്. മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് സ്ത്രീകളെ തിരഞ്ഞെടുക്കുക. 2.70 ലക്ഷം രൂപയാണ് പാസ്പോര്‍ട്ട് തിരികെ നല്‍കുന്നതിനായി ഗോള്‍ഡിക്ക് നല്‍കേണ്ടത്. പല തവണയായി ഗോള്‍ഡിക്കു പണം നല്കി. ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട ശേഷമായിരുന്നു ഗ്രേസ് ഗോള്‍ഡിക്കു നല്‍കേണ്ട പണം അത്രയും തിരികെ അടച്ചുതീര്‍ത്തത്.” ഗ്രേസ് പറഞ്ഞു.
ഗ്രേസിന്റെ ഇടപെടല്‍ കാരണം ഇന്ത്യയിലേക്കു വരാനിരുന്ന ഒരു ആഫ്രിക്കന്‍ യുവതി രക്ഷപ്പെട്ടിരുന്നു. അവര്‍ക്കു പകരം മറ്റൊരു യുവതിയെ കണ്ടെത്തി നല്‍കണമെന്ന് എഡി ഗ്രേസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഗ്രേസിനു വേണ്ടി ജോലി ചെയ്യാന്‍ മറ്റൊരാളെ എത്തിച്ചാല്‍ മതിയെന്നും പിന്നീട് എഡി ഓഫര്‍ വച്ചു. ഇതിന്റെ ഫോണ്‍ രേഖകളടക്കമാണ് ബിബിസി പുറത്തു വിട്ടത്. സംഭവം പുറത്തു വന്നതോടെ ആഫ്രിക്കക്കാര്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു.