ഏലൂർ/കിഴക്കന്പലം: തൃക്കാക്കരയിൽ തുടങ്ങിയ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏലൂർ നഗരസഭ, കിഴക്കന്പലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇപ്പോൾ ഒച്ചുകളുടെ വിഹാരമാണ്.
കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്, ചൂരക്കോട് നിവാസികളുടെ ഉറക്കം കെടുത്തുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് കണ്ട ചെടിയുംപച്ചക്കറികളും നേരം വെളുക്കുമ്പോൾ ഒച്ച് തിന്നു തീർക്കുന്നു.
മഴ തുടങ്ങിയതോടെ ഇവയുടെ ആക്രമണവും കൂടി. വാഴ, ജാതി, തെങ്ങ് തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ചു നോട്ടമിടുന്നത്.
ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടും. ഉപ്പ് ആയുധമാണെങ്കിലും ഒച്ചിനെ ഒന്നാകെ തുരുത്താനുള്ള ഒരു വഴിയും തുറക്കുന്നില്ല.
പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതലായാണ് ഇക്കുറി ഒച്ചിറങ്ങിയിരിക്കുന്നത്.
നാട്ടുകാർ കൃഷിഭവനിൽ അടക്കം നിരവധി പരാതികൾ നല്കിയെങ്കിലും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി.
ഏലൂർ നഗരസഭാ പ്രദേശത്ത് വ്യാപകമായ ആഫ്രിക്കൻ ഒച്ച് നശീകരണത്തിന് കർമപരിപാടി ഒരുക്കുന്ന തിരക്കിലാണ് അധികൃതർ.
ഒച്ചുകളെ ആകർഷിച്ച് നശിപ്പിക്കുന്ന പദ്ധതിക്ക് ഇന്നലെ ചേർന്ന അടിയന്തിര ഓൺലൈൻ കൗൺസിൽ യോഗം രൂപരേഖയുണ്ടാക്കി.
എല്ലാ വാർഡുകളിലെയും വീടുകളും സ്ഥാപനങ്ങളും ചേർന്ന് ഈ മാസം 19, 20 തിയതികളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
2015ൽ 16 ാം വാർഡിലാണ് ആദ്യമായി ആഫ്രിക്കൻ ഒച്ചിനെ കണ്ടത്. എന്നാൽ വ്യാപകമായി പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിക്കുകയും അതിവേഗം പെരുകയും ചെയ്യുന്ന ഒച്ചുകൾ പകുതിയിലേറെ വാർഡുകളിലും വ്യാപിച്ചു കഴിഞ്ഞു.
നിലവിൽ ഉപ്പും മറ്റു രാസ വസ്തുക്കളും ഉപയോഗിച്ചാണ് നശിപ്പിക്കുന്നത്. ഇങ്ങനെ ഒച്ചിനെ പൂർണമായി നശിപ്പിക്കാൻ കഴിയാത്തതും ഉപ്പും മറ്റും മണ്ണിനെ നശിപ്പിക്കുന്നതിനാലുമാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്.
മുരിങ്ങയില,കപ്പങ്ങയില, കാബേജ് എന്നിവ ചേർത്ത് രണ്ടു ദിവസം ചണ ചാക്കിൽ പൊതിഞ്ഞുവച്ചാലുണ്ടാകുന്ന മണം ഒച്ചിനെ ആകർഷിക്കും. ഇവ കൂട്ടമായി ചാക്കിലേക്ക് എത്തുമ്പോൾ ഉപ്പ്, തുരിശ്, പുകയില കഷായം എന്നിവയിലേതെങ്കിലും തളിച്ച് ഉന്മമൂലനം ചെയ്യാം.
ഒച്ചിനെ വരുമാനമാക്കാം
കൊല്ലം ജില്ലയിലെ എഴുകോണിൽ ഒച്ച് ശല്യം രൂക്ഷമായതോടെ കർഷകർക്ക് സഹായവുമായി ഡോ.അബ്ദുൾ കലാം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി രംഗത്തെത്തിയിരുന്നു.
ശേഖരിക്കുന്ന വലിപ്പമുള്ള ഒച്ച് ഒന്നിന് മൂന്നുരൂപ വീതം കർഷകർക്ക് നൽകി വാങ്ങി വളമാക്കി മാറ്റുകയാണ്. ആഫ്രിക്കൻ ഒച്ചിന്റെ പുറംതോട് കാൽസ്യം അടങ്ങിയതാണ്. ബാക്കിയുള്ള ഭാഗം പ്രോട്ടീനുമാണ്. ഇതാണ് വളമാക്കുന്നത്.
ഒച്ചിനെ പിടിക്കാൻ
നനഞ്ഞ ചണ ചാക്കിൽ കെണി വച്ച് ഒച്ചിനെ പിടിക്കാം. കാബേജിന്റെ പുറംതൊലി, കാരറ്റ്, കോളിഫ്ളവർ ഇല തുടങ്ങിയ പച്ചക്കറി മാലിന്യങ്ങൾ നനഞ്ഞ ചാക്കിൽ ഇട്ട ശേഷം മറ്റൊരു ചാക്ക് കൊണ്ട് ഇവ മൂടുന്നു. പച്ചക്കറി മാലിന്യത്തിന്റെ ഗന്ധം ആകർഷിച്ച് ഒച്ച് കെണിയിൽ എത്തും.
നനവുള്ളതിനാൽ നേരം വെളുത്താലും ഇതിൽനിന്ന് വിട്ടു പോവില്ല. കെണിയിൽ വീണ ഒച്ചിനെ ഉപ്പ് വിതറിയോ കുമ്മായം വിതറിയോ നശിപ്പിക്കാം. 60 ഗ്രാം തുരിശും 25 ഗ്രാം പുകയില ലായിനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം.