ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയിലെ കാടുകൾ കാട്ടാനകളുടെ സാന്നിധ്യംകൊണ്ട് പേരുകേട്ട ഇടമാണ്. ഇവിടെയിപ്പോൾ കാട്ടാനകൾ കൂട്ടത്തോടെ ചെരി യുന്നു.
350ഓളം ആനകളാണ് ചരിഞ്ഞത്. ഇതിന്റെ കാരണം കണ്ടെത്താന്‍ സാധിക്കാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്. ആനകള്‍ ചെരിഞ്ഞുകിടക്കുന്നതിന്റെ നിരവധി ആകാശ ദൃശ്യങ്ങളാണ് ഇപ്പോള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.
ബോട്സ്വാനയിലെ ഒകാവാംഗോ ഡെല്‍റ്റയിലെ ചെറിയ തടാകങ്ങള്‍ക്ക് സമീപത്തായാണ് കൂടുതലും ജഡങ്ങൾ. ഈ തടാകങ്ങളില്നിന്നുള്ള വെള്ളം കുടിച്ചതാണോ അതോ മറ്റെന്തെങ്കിലും അസുഖങ്ങളാണോ മരണകാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് മാസം മുതലാണ് ആനകള്‍ ചെരിഞ്ഞു തുടങ്ങിയത്.
ബോട്സ്വാന സര്‍ക്കാരിന്റെ അന്വേഷണ പ്രകാരം ചെരിഞ്ഞ ആനകളുടെ ജഡത്തില്‍നിന്ന് വിഷാംശമോ എന്തെങ്കിലും മാരകരോഗം സം സംബന്ധിച്ച സൂചനകളോ ലഭിച്ചിട്ടില്ല. ആനകളുടെ കൊന്പുകൾ ഒന്നും നഷ്ടപ്പെട്ടില്ലാത്തതിനാൽ ആനവേട്ടയുടെ സാധ്യതയും ഇല്ല.
ആനകള്‍ ചത്തൊടുങ്ങിയത് കോവിഡ് 19 വൈറസ് കാരണമാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പക്ഷേ ഇതും കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആനകള്‍ കൂട്ടത്തോടെ ചെരിഞ്ഞതിന്റെ കാരണം കണ്ടെത്തിയില്ലെങ്കില്‍ അത് മനുഷ്യ ജീവനു തന്നെ ചിലപ്പോള്‍ ആപത്തായേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരുന്ന തരത്തിലുള്ള വൈറസോ മറ്റോ ആണെങ്കില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
ഒകാവോംഗോ പ്രദേശങ്ങളിൽ ആനകള്‍ വൃത്താകൃതിയില്‍ നടക്കുന്നത് കണ്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചിലപ്പോള്‍ രോഗം ബാധിച്ചതോ അല്ലെങ്കില്‍ ഇവയ്ക്ക് നാഡീസംബന്ധമായ എന്തെങ്കിലും പ്രശ്നം ബാധിച്ചതോ ആയിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്.
ആനയുടെ ജഡങ്ങള്‍ നോക്കിയാല്‍ അവയില്‍ ചിലത് മുഖം കുത്തി വീണ അവസ്ഥയിലാണ്. ഇത് വേഗത്തില്‍ മരണം സംഭവിച്ചതിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ മറ്റു ചിലവയാകട്ടെ അലഞ്ഞുതിരിഞ്ഞ ശേഷം വളരെ പതുക്കെ മരണം പ്രാപിച്ച അവസ്ഥയിലുമാണ്.
അതുകൊണ്ടു തന്നെ എന്താണെന്ന് മരണകാരണമെന്ന് ഉറപ്പിക്കാന്‍ പ്രയാസമാണെന്നാണ് വിദഗ്ധ പക്ഷം. ചെരിഞ്ഞവയില്‍ എല്ലാ പ്രായത്തിലുമുള്ള പിടിയാനകളും കൊമ്പനാനകളും ഉണ്ട്.
ആഫ്രിക്കയിലെ ആനകളുടെ ഏകദേശം മൂന്നിലൊന്ന് (ഏകദേശം 130,000 എണ്ണം) ബോട്സ്വാനയിലാണുള്ളത്. ഒകാവാംഗോ ഡെല്‍റ്റയില്‍ 15,000 ത്തോളം ആനകളുണ്ട്.