ഷാർജ: പാക് ഓൾറൗണ്ടർ ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 21 വർഷത്തെ കരിയറിനൊടുവിലാണ് വെടിക്കെട്ട് വീരനായ അഫ്രിദി കളിക്കളത്തോടു വിട പറയുന്നത്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ച അഫ്രിദി ട്വന്റി-20 ടീമിൽ തുടരുകയായിരുന്നു. 98 ട്വന്റി 20 മത്സരങ്ങളിൽ പാക് ജഴ്സി അണിഞ്ഞിട്ടുള്ള അഫ്രിദി 1405 റണ്‍സും 97 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഷാർജയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പെഷാവർ സലാമിക്ക് വേണ്ടി 28 പന്തിൽ 54 റണ്‍സെടുത്ത ശേഷമായിരുന്നു അഫ്രിദി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും അടുത്ത രണ്ടു വർഷം കൂടി ക്രിക്കറ്റ് ലീഗുകളിൽ കളിക്കുമെന്ന് താരം പറഞ്ഞു.
2010ൽ ടെസ്റ്റിൽ നിന്നും 2015ൽ ലോകകപ്പിന് ശേഷം ഏകദിനത്തിൽ നിന്നും വിരമിച്ച അഫ്രിദി ട്വന്റി-20 ടീമിൽ തുടർന്നും കളിച്ചിരുന്നു. കഴിഞ്ഞവർഷം നടന്ന ട്വന്റി-20 ലോകകപ്പിൽ പാക്കിസ്ഥാനെ നയിച്ചത് അഫ്രിദിയായിരുന്നു. ഇതിനുശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ താരം ടീമിൽ കളിക്കാരനായി തുടരുകയായിരുന്നു.