പാലാ: പ്രണയം നടിച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതികളെ പാലാ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു.
ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംക്രാന്തി തുണ്ടിപ്പറന്പിൽ അഫ്സൽ (31), കൂട്ടാളിയും സഹായിയുമായ ഡ്രൈവർ കട്ടപ്പന സ്വദേശി എബിൻ എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ അഫ്സൽ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു.
തുടർന്ന് സംഭവദിവസം ഉച്ചക്ക് പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥിനിയെ, ഉച്ചയ്ക്ക് ഒന്നരക്കുള്ള ബസിന്റെ ട്രിപ്പ് ആളില്ല എന്ന കാരണത്താൽ മുടക്കിയ ശേഷം ഡ്രൈവറുടെയും കണ്ടക്ടറിന്റെയും ഒത്താശയോടെ ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ പെണ്‍കുട്ടി ബസിനുള്ളിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ പോലീസിനെ അറിയച്ചതിനെത്തുടർന്ന് പാലാ സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തിൽ പോലീസെത്തി അഫ്സലിനെയും സഹായി എബിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ ഡിസംബർ മാസത്തിൽ, പെണ്‍കുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിച്ച് സമാനരീതിയിൽ രണ്ട് തവണ പീഡനത്തിനിരയാക്കിയെന്ന് കണ്ടെത്തിയിരുന്നു.
പാലാ- മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് ഏതാനും മണിക്കൂർ മെഡിക്കൽ കോളജ് സ്റ്റാൻഡിൽ താമസമുണ്ട്. ഈ അവസരം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇവിടെയെത്തിച്ചത്.
പോലീസ് പ്രതികളെ കോട്ടയം ഫോറൻസിക് വിഭാഗത്തിലെത്തിച്ച് ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി.
വെള്ളിയാഴ്ച പ്രതികളെ പാലായിലും കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലും എത്തിച്ച് കൂടുതൽ തെളിവടുപ്പ് നടത്തും.
വിവാഹിതനായ അഫ്സൽ ഇക്കാര്യം മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകിയാണ് പീഡത്തിനിരയാക്കിയത്.