ഹൈദരാബാദ്: ആണ്കുട്ടിയോടു ഫോണിൽ സംസാരിച്ചതിന്റെ പേരിൽ മകളെ പിതാവ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ തൊടാർവുളളപാഡിലാണു സംഭവം. ഒരു സ്വകാര്യ കോളജിൽ ഫാർമസി വിദ്യാർഥിയായ ടി.ചന്ദ്രികയാണു ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. 18 വയസ് തികയുന്ന ദിവസമാണ് പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്.
ഞായറാഴ്ച ജൻമദിനം ആഘോഷിക്കുന്നതിനായാണ് ചന്ദ്രിക വീട്ടിലെത്തിയത്. ഇതിനിടെ താൻ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം പെണ്‍കുട്ടി വീട്ടിൽ വെളിപ്പെടുത്തി. എന്നാൽ ഈ ബന്ധം കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചു.
ശനിയാഴ്ച രാവിലെ പെണ്‍കുട്ടി ചെറുപ്പക്കാരനുമായി സംസാരിക്കുന്നത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന് ഇയാൾ പെണ്‍കുട്ടിയുടെ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും മകളെ കോടാലിക്കൈക്ക് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ചന്ദ്രികയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.