രോഗം ബാധിച്ചിട്ട് 42 ദിവസം ! 19-ാം തവണയും പരിശോധനഫലം പോസിറ്റീവ്; പത്തനംതിട്ടയില്‍ 62കാരി ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു;ഒപ്പം രോഗം ബാധിച്ച മകള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പേ രോഗം ഭേദമായി…

കോവിഡ് 19 ബാധിതരുടെ ക്വാറന്റൈന്‍ പീരിഡ് സംബന്ധിച്ച് സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. രോഗം ബാധിച്ച് 42 ദിവസം പിന്നിടുമ്പോഴും പരിശോധന നെഗറ്റീവാകാതെയിരിക്കുന്ന രോഗി ആശങ്കയുയര്‍ത്തുകയാണ്.

പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ 62 കാരിയാണ് ഒന്നര മാസത്തിലേക്ക് അടുത്തിട്ടും രോഗം ഭേദമാകാതെ തുടരുന്നത്. ഇവരുടെ സാമ്പിള്‍ 19-ാം തവണ അയച്ചപ്പോഴും പോസിറ്റീവാണ്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ജണ്ടായിക്കല്‍ സ്വദേശിനിയുടെ കേസ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെയും അമ്പരപ്പിക്കുകയാണ്.

ദീര്‍ഘനാളായി ചികിത്സ തുടരേണ്ടി വന്നിരിക്കുന്ന സംസ്ഥാനത്തെ ആദ്യ കേസാണ് ഇത്. നേരത്തേ ദുബായില്‍ നിന്നും വന്ന രോഗബാധിതന് 22 ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോഴും സാമ്പിള്‍ പോസിറ്റീവായി കണ്ടെത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ കാലാവധി 28 ദിവസമായി സംസ്ഥാനത്തെ ആരോഗ്യവിഭാഗം പുനര്‍ക്രമീകരിച്ചിരുന്നു.

ഇറ്റലിയില്‍ നിന്നും എത്തിയ റാന്നി സ്വദേശികളുടെ കുടുംബവുമായി രണ്ടുദിവസം അടുത്തിടപഴകിയാണ് രോഗം ഉണ്ടായത്.

ഇവര്‍ക്ക് പക്ഷേ പ്രകടമായ മറ്റു രോഗങ്ങളില്ല. എന്നാല്‍ ഇത്രയും ദിവസമായിട്ടും സാമ്പിള്‍ പോസിറ്റീവാകാതെ തുടരുകയാണ്.

അതേസമയം ഇവര്‍ക്കൊപ്പം രോഗം സ്ഥിരീകരിച്ച മകളുടെ സാമ്പിള്‍ നെഗറ്റീവായി വീട്ടിലേക്ക് പോയി. ആശുപത്രിയിലെ മറ്റൊരു മുറിയിലായിരുന്നു മകളെ പാര്‍പ്പിച്ചിരുന്നത്.

അമ്മയ്ക്കൊപ്പം വീട്ടിലേക്ക് പോകാനായിരുന്നു ഇരുന്നതെങ്കിലും അമ്മയ്ക്ക് രോഗം മാറാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി.

വൃദ്ധയുടെ രോഗം തുടരുന്ന സാഹചര്യത്തില്‍ തുടര്‍ ചികിത്സയ്ക്കു നല്‍കേണ്ട മരുന്നുകളെ കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് ആലോചന തുടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വൈറസ് ഇപ്പോഴും നില നില്‍ക്കുന്നതാകാം കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

വിദേശത്ത് രണ്ടു മാസം കഴിഞ്ഞിട്ടും സാമ്പിളുകള്‍ പോസിറ്റീവായി തുടര്‍ന്ന ചരിത്രമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വീട്ടമ്മയില്‍ നിന്നും രോഗം പകരാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണവും ഉണ്ടായിട്ടുണ്ട്. നിലവില്‍ ആറുപേരാണ് പത്തനംതിട്ടയില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

Related posts

Leave a Comment