കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറി ബിജെപി ഭരണത്തിലേറുമ്പോള്‍ മലയാളികള്‍ക്ക് ഉണ്ടാകുന്ന വലിയ സംശയം ഇനി അവിടെ പോയി ബീഫ് കഴിക്കാന്‍ പറ്റുമോ എന്നതാണ്. നിരവധി മലയാളികള്‍ ബംഗളൂരുവിലും മൈസൂരുവിലും താമസിക്കുന്നുണ്ട്. പ്രമുഖ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുകന്യ കൃഷ്ണ ഈ സമയത്ത് കര്‍ണാടകയിലെ അധികാരമാറ്റത്തെയും ബീഫിനെയും പറ്റി നടത്തിയ നിരീക്ഷണം വായിക്കാം-
കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ മംഗളുരു, ബംഗളുരു മേഖലകളില്‍ നിര്‍ണായക ശക്തികള്‍ ആകുമെന്ന് ന്യൂസ് ചാനലുകള്‍ തള്ളിയ മലയാളികളുടെ ആശങ്ക, ആര് ജയിക്കുന്നു ആര് തോല്ക്കുന്നു എന്നതല്ല. മലയാളികളുടെ യഥാര്‍ത്ഥ ആശങ്ക ‘ബീഫ്’ മാത്രമാണ് എന്നതാണ് തുണിയുടുക്കാത്ത സത്യം. ഈ അവസരത്തില്‍ ‘ബീഫും കര്‍ണാടകയിലെ മലയാളികളും’ എന്ന വിഷയത്തില്‍ ഒരു പോസ്റ്റ് നാട്ടാം എന്ന് കരുതി. ഈ കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച കര്‍ണാടകയെ പറ്റി പറയുന്നത് വിലയിരുത്തലും, ഇനി ബിജെപി ഭരിക്കാന്‍ പോകുന്ന കര്‍ണാടകയെ പറ്റി പറയുന്നത് പ്രതീക്ഷകളും ആയ സ്ഥിതിക്ക് വിലയിരുത്തലുകളിലേക്ക് കണ്ണോടിക്കാം. അതാകും നീതിയുക്തം.
ഞാന്‍ താമസിക്കുന്നത് കോറമംഗലയിലാണ്. ബംഗളൂരുവില്‍ മലയാളികള്‍ ഏറ്റവും അധികം ഉള്ള പ്രദേശങ്ങളില്‍ ഒന്ന്. എന്റെ ഫ്ളാറ്റിന് നേരെ എതിര്‍വശത്തായി ഒരു മലയാളി ഹോട്ടല്‍ ഉണ്ട്. ആഴ്ചയില്‍ ഒരു ദിവസം മാത്രം അവിടെ ബീഫ് ഉണ്ടാകും. അതും കടയില്‍ ഇരുന്നു കഴിക്കാനായി നല്‍കില്ല, പാര്‍സല്‍ മാത്രം. മാത്രമല്ല, ‘ബീഫ് ഉണ്ടോ?’ എന്ന ചോദ്യം ആത്മഗതത്തേക്കാള് നിശബ്ദമായി വേണം. Swiggy പോലെയുള്ള ആപ്പുകളില്‍ ‘ഇറച്ചി ഫ്രൈ’, ‘ഇറച്ചി റോസ്റ്റ്’ എന്നൊക്കെ കാണാറുണ്ട്, ഒപ്പം ചിക്കന്റെ വിഭവങ്ങള്‍ വേറെയും. ഇവിടെ ഇറച്ചി എന്ന് ഉദ്ദേശിക്കുന്നത് ബീഫ് വിഭവങ്ങള്‍ ആണ്. ഒരിക്കല്‍ കടയിലെ ചേട്ടനോട് ഇതേക്കുറിച്ച് വിശദമായി ഒന്ന് സംസാരിച്ചു. എന്റെ ചില ചോദ്യങ്ങളും അതിന് ചേട്ടന് നല്കിയ ഉത്തരങ്ങളും ചുവടെ.
ചോദ്യം: എന്തുകൊണ്ടാണ് ആഴ്ചയില്‍ ഒരു ദിവസം മാത്രം ബീഫ് ഉള്ളത്?
ഉത്തരം: ഇവിടെ ബീഫ് വില്ക്കാന് പാടില്ല. ഇവിടുത്തുകാര്‍ അറിഞ്ഞാല്‍ കട അടിച്ചു തകര്‍ക്കും. പിന്നെ മലയാളികളാണ് നമ്മുടെ കസ്റ്റമേഴ്സില്‍ കൂടുതലും, അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങളില്‍ ഒന്ന് ബീഫ് ആയത്കൊണ്ട് ആഴ്ചയില്‍ ഒരു ദിവസം റിസ്ക് എടുത്ത് ആണെങ്കില്‍ ബീഫ് വില്‍ക്കുന്നു.
ചോദ്യം: എന്തുകൊണ്ടാണ് ഇവിടെ കഴിക്കാന്‍ നല്‍കാതെ പാര്‍സല്‍ ആയി മാത്രം നല്‍കുന്നത്?
ഉത്തരം: ഇവിടെ ബീഫ് വിളമ്പി അത് ആരെങ്കിലും കഴിക്കുന്നത് ഇവിടുത്തുകാര്‍ കണ്ടാല്‍ അത് മതി… പാര്‍സല്‍ ആകുമ്പോള്‍ നിങ്ങളുടെ റിസ്ക് ആണല്ലോ!
ചോദ്യം: ഇവിടുത്തെ തീവ്രഹിന്ദുചിന്താഗതിക്കാരോ ബിജെപിക്കാരോ കണ്ടാല്‍ അല്ലേ ആ പ്രശ്നമുള്ളൂ!? അത്തരം ആളുകള്‍ വളരെ ചുരുക്കമല്ലേ?
ഉത്തരം: അല്ലല്ല… ഇവിടുത്തുകാര്‍ ആര് കണ്ടാലും മതി. ഇരുപത് വര്‍ഷമായി ബാംഗളൂരില്‍ ഞാന്‍ കട നടത്തുന്നു… ഇതുവരെ ഉണ്ടായ സംഭവങ്ങളില്‍ ഏറ്റവും കൂടുതലും ഇവിടുത്തെ സാധാരണക്കാര്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ആണ്. പാര്‍ട്ടിയൊന്നും അവിടെ ഒരു വിഷയമേ അല്ല!
കുറെ നേരം നീണ്ടുപോയി ആ ചര്‍ച്ച. അതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കിയത്, കോണ്‍ഗ്രസ് ഭരിച്ചപ്പോഴും ഇനി ബിജെപി ഭരിക്കുമ്പോഴും ബീഫ് വില്‍ക്കാനും വിളമ്പാനും ഒരേ പേടിയും മാനദണ്ഡങ്ങളും തന്നെയാണ്… പിന്നെ മലയാളികള്‍ ധാരാളമുള്ള ഏരിയ ആയാലും വീട്ടില്‍ കൊണ്ടുപോയി കഴിച്ചാലും റിസ്ക് എല്ലാം ഒന്ന് തന്നെ… അതുകൊണ്ട്, ബീഫ് വിഷയത്തില്‍ ഇപ്പോഴത്തെ അധികാരമാറ്റം പ്രകടമായ ഒരു മാറ്റം കൊണ്ടുവരും എന്ന് തോന്നുന്നില്ല. പഴയ സാഹചര്യം തുടരാന്‍ തന്നെയാണ് സാധ്യത എന്നാണ് എന്റെയൊരു കാഴ്ചപ്പാട്.