ബെർലിൻ: അമേരിക്കയുടെ ഒഴിപ്പിക്കൽ വിമാനത്തിൽ അഫ്ഗാൻ വനിത പെൺകുഞ്ഞിനു ജന്മം നല്കി. ശനിയാഴ്ചയായിരുന്നു സംഭവം.
അഫ്ഗാനിസ്ഥാനിൽനിന്നു പശ്ചിമേഷ്യവഴി ജർമനിയിലെ റാംസ്റ്റൈൻ വ്യോമതാവളത്തിലേക്കു പറന്ന യുഎസ് വ്യോമസേനയുടെ സി-17 വിമാനത്തിലുണ്ടായിരുന്ന വനിതയ്ക്കാണു പ്രസവവേദന അനുഭവപ്പെട്ടത്.
മർദവ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ പൈലറ്റ് വിമാനം താഴ്ത്തിപ്പറത്തിയതു ഗർഭിണിയുടെ ജീവൻ രക്ഷിച്ചു.
ജർമനിയിൽ ഇറങ്ങിയ ഉടൻ അമേരിക്കൻ മെഡിക്കൽ ടീം വിമാനത്തിൽ കയറി കാർഗോ ഭാഗത്തുവച്ച് ശുശ്രൂഷ നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി യുഎസ് വ്യോമസേന അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽനിന്ന് ഒഴിപ്പിച്ചുമാറ്റുന്നവരെ താത്കാലികമായി താമസിപ്പിക്കുന്നത് ജർമനിയിലെ അമേരിക്കൻ വ്യോമതാവളത്തിലാണ്.