കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ മാർത്താണ്ഡം കായൽ കൈയേറ്റക്കേസിൽ നിലപാടാവർത്തിച്ച് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്. കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ലെന്നും ഇത്തരമൊരാവശ്യം പുതിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസിനോടും എജി ഓഫീസിന് പ്രത്യേക താത്പര്യമില്ലെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും പറഞ്ഞ എജി ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
കേസിൽ സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹനെ മാറ്റില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. കായൽ കൈയേറ്റക്കേസിൽ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ നിയോഗിക്കണമെന്നവശ്യപ്പെട്ട് റവന്യൂമന്ത്രി കത്ത് നൽകിയതിനു പിന്നാലെയായിരുന്നു എജി നിലപാട് വ്യക്തമാക്കിയത്.
സർക്കാരിന്റെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രിയുടെ താത്പര്യം സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും പറഞ്ഞ എജി സംസ്ഥാന സർക്കാരിനു വേണ്ടി ഓരോ കേസിലും ആര് ഹാജരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം അഡ്വക്കറ്റ് ജനറലിനാണെന്നും വ്യക്തമാക്കിയിരുന്നു. റവന്യൂ വിഷയങ്ങൾ ആരുടെയും തറവാട്ട് സ്വത്തല്ലെന്നും എജി പരിഹസിച്ചിരുന്നു.
എജിയുടെ നിലപാടിനെതിരെ സിപിഐയും റവന്യൂ മന്ത്രിയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അഡ്വക്കേറ്റ് ജനറൽ സർക്കാരിന് മുകളിൽ അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞപ്പോൾ, തന്‍റെ കത്തിന് മറുടിപോലും തരാത്ത എജിയുടെ നടപടികൾക്കും വാക്കുകൾക്കും മറുപടി പറയാൻ തന്‍റെ സംസ്കാരം അനുവദിക്കുന്നില്ലെന്നായിരുന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ തുറന്നടിച്ചത്.