കോട്ടയം: ചങ്ങനാശേരിയിലെ അഗതിമന്ദിരത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങളുണ്ടായത്.
നാട്ടുകാരുടെ ആരോപണങ്ങളെ തുടർന്ന് ഡിഎംഒ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തി.
കഴിഞ്ഞയാഴ്ച അഗതിമന്ദിരത്തിലെ അന്തേവാസികളായ രണ്ടു പേർ മരിച്ചു. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽവച്ചാണ് മൂന്നാമത്തെയാൾ മരിച്ചത്.
അഗതിമന്ദിരത്തിലെ ആറ് അന്തേവാസികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലുമാണ്. ഛർദ്ദി, കാലിൽ നീര് എന്നിവയാണ് മരിച്ചവരുടെയും ചികിത്സയിൽ കഴിയുന്നവരുടെയും രോഗലക്ഷണങ്ങൾ. ലഹരി വിമുക്ത ചികിൽസാ കേന്ദ്രം കൂടിയാണിത്.
ഇതിൽ ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ന്യൂമോണിയയാണ് മരണകാരണമെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെയായിരുന്നു രണ്ടുപേർ കൂടി മരണപ്പെട്ടത്.
കഴിഞ്ഞയാഴ്ച രോഗികളുടെ രക്തസാന്പിൾ ശേഖരിച്ചു പരിശോധിച്ചിരുന്നു. വൈറസ് വഴിയുള്ള രോഗങ്ങളല്ലെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിഷാംശങ്ങൾ ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ ടോക്സികോളജി ടെസ്റ്റ് നടത്തുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.