ചെറായി: ചെറായി ദേവസ്വം നടയിൽ ഒരുവർഷം മുന്‍പ് അടച്ചൂപൂട്ടിയ ബെവ്കോ വിദേശമദ്യശാല വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി ഇന്നലെ കൊച്ചി റേഞ്ച് എക്സൈസ് സിഐ എത്തി സ്ഥല പരിശോധന നടത്തി. അതേസമയം പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ത്രീകളടക്കമുള്ള സ്ഥലവാസികൾ നിവേദനം നൽകിയിട്ടുണ്ട്.
ഒരു കാരണവശാലും ഇവിടെ വീണ്ടും മദ്യശാല അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ഇത് നിരാകരിച്ച് മദ്യശാല തുടങ്ങിയാൽ ജനകീയ സമരം ആരംഭിക്കുമെന്ന് സ്ത്രീകൾ എക്സൈസിനു മുന്നറിയിപ്പും നൽകി. ഇതിനിടെ മദ്യശാലക്ക് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പോസ്റ്റർ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ശാഖ, ബാങ്കിന്റെ മെഡിക്കൽ സ്റ്റോർ, സൂപ്പർ മാർക്കറ്റ്, ബിഎസ്എൻഎൽ ഉപഭോക്തൃസേവനകേന്ദ്രം, ടെലഫോണ്‍ എക്സ്ചേഞ്ച്, പഞ്ചായത്താഫീസ്, സർക്കാർ ഹോമിയോ ഡിസ്പൻസറി എന്നിവക്ക് സമീപം നേരത്തെ പ്രവർത്തിച്ചിരുന്ന ഈ മദ്യശാല നാട്ടുകാർക്ക് ശല്യമായപ്പോൾ സഹകാരികളുടെയും പഞ്ചായത്തിന്റെയും എതിർപ്പിനെത്തുടർന്നാണ് അടച്ചു പൂട്ടിയത്.
ഇപ്പോൾ ബെവ്കോയിലെ ഉന്നതർക്ക് വൻ വാഗ്ദാനങ്ങൾ നൽകി കെട്ടിട ഉടമയും ഒരു ബെവ്കോ ജീവനക്കാരനും ചേർന്നാണ് മദ്യശാല തുറക്കാൻ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന.