തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകി. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കർശനമാക്കും.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ പിസിആർ പരിശോധന നടത്തും. നിയന്ത്രണങ്ങളിൽ ഇളവുവന്നെങ്കിലും മാസ്ക്, സാമൂഹിക അകലം, കൈകൾ ശുചിയാക്കൽ എന്നിങ്ങനെയുള്ള പ്രതിരോധം തുടരാനാണ് നിർദേശം.
യുകെയിൽനിന്നു വന്ന ആറുപേരിലാണ് ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രണ്ടു പേർക്കു വീതവും കോട്ടയം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് വൈറസ് ബാധ.
പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലത്തിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയാണ് ഇവർക്കെന്നു വ്യക്തമായത്. ഡിസംബർ 14 നു ശേഷം യുകെയിൽ നിന്ന് എത്തിയവരാണിവർ.
വൈറസ് ബാധിതരായ ഈ ആറുപേരും ആശുപത്രികളിൽ പ്രത്യേക നിരീക്ഷണത്തിലാണ്. 26 പേരുടെ സാന്പിളുകൾ പരിശോധിച്ചതിലാണ് ആറുപേർക്ക് ജനിതമാറ്റം വന്ന വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇവരുടെ സന്പർക്കപ്പട്ടിക കുറവാണെങ്കിലും സന്പർക്ക സാധ്യതയുള്ളവരെയും നിരീക്ഷിച്ചുവരികയാണ്.
ഈ വൈറസ് വ്യാപനം അതിവേഗത്തിലാണ്. മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്. ഭയപ്പെടേണ്ടെങ്കിലും ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. മാസ്കും സാനിറ്റൈസറും കർശനമായി ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
വിദേശത്തുനിന്നു വരുന്നവരിൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണമെന്നും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളിൽ അതീവജാഗ്രതാനിർദേശം നല്കിയതായും മന്ത്രി അറിയിച്ചു.