പത്തനംതിട്ട: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയതോടെ പത്തനംതിട്ടയില്‍ ക്വാറന്റൈനീലാകുന്നവരുടെ എണ്ണം കൂടി.
രോഗലക്ഷണങ്ങളോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. ജില്ലയില്‍ നിലവില്‍ 1018 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രി ഐസൊലേഷനില്‍ ഒമ്പതുപേരുണ്ട്. ഇന്നലെ പുതുതായി മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമെത്തുന്നവരില് മറ്റു ജില്ലകളില്‍ പോസിറ്റീവ് കേസുകള്‍ കൂടി കണ്ടതോടെ ജില്ലയില്‍ ജാഗ്രതാനിര്‍ദേശവും ശക്തമാക്കി. നിരീക്ഷണത്തിലുള്ള മുഴുവന്‍ ആളുകളോടെ ക്വാറന്റൈന് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. ഇവരില്‍ രോഗബാധിതരായി ആരെയും കണ്ടെത്തിയിട്ടില്ല.
ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള് ആരും നിലവില്‍ നിരീക്ഷണത്തില്‍ ഇല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 929 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 89 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ തിരികെ എത്തിയ 216 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 22 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതേവരെ 43 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇവയില്‍ 333 പേരെ താമസിപ്പിച്ചിട്ടുണ്ട്. ഇന്നലെ 51 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 4655 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.