ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടു, ഏഴുവയസുകാരിയായ മകളുടെ മൃതദേഹവും കൈയ്യിലെടുത്ത് മാതാപിതാക്കള്‍ നടന്നത് ആറുകിലോമീറ്റര്‍!

oമനുഷത്വം മരവിച്ച സംഭവങ്ങള്‍ ഒഡീഷയില്‍ നിന്ന് വീണ്ടും. ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്തത് കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ്. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. ഒഡീഷയിലെ മന്‍കന്‍ഗിരി ജില്ലയിലാണ് സംഭവം. അസുഖം കൂടുതലായതിനെത്തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍നിന്ന് ജില്ലാ അശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഖേമുദു എന്ന ഏഴുവയസുകാരിയുടെ മരിച്ചു.

കുട്ടി മരിച്ചതോടെ ആംബുലന്‍സ് ഡ്രൈവര്‍ മാതാപിതാക്കളെ മൃതദേഹവുമായി ഇറക്കിവിട്ടു. തങ്ങളെ വീട്ടിലെത്തിക്കാനെങ്കിലും ദയയുണ്ടാകണമെന്ന് മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവര്‍ മൃതദേഹവുമായി നടക്കുന്നത് കണ്ട നാട്ടുകാര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ ഉടന്‍ തന്നെ മറ്റൊരു വാഹനവുമായെത്തി ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ജില്ലാ കളക്ടര്‍ ചീഫ് മെഡിക്കല്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡര്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts