പുലിമുരുകനൊക്കെ എന്ത്! ഇതല്ലേ സൂപ്പര്‍ ഹീറോയിസം, പശുവിനെ പിടിക്കാനെത്തിയ സിംഹത്തെ അടിച്ചോടിച്ച് സഹോദരിമാര്‍!

lionപുലിമുരുകന്‍ പുലിയെ പിടിച്ചപ്പോള്‍ ഇവിടെ സിംഹത്തെ തന്നെ പേടിപ്പിച്ചുവിട്ടിരിക്കുകയാണ് രണ്ടു സഹോദരിമാര്‍. അഹമ്മദാബാദിലെ സഹോദരിമാരായ സാന്തോക് റാബറിയുടെയും മൈയയുടെ ധൈര്യത്തെ പ്രശംസിക്കുന്ന തിരക്കിലാണ് സോഷ്യല്‍മീഡിയയും മാധ്യമങ്ങളും. ഇവരുടെ ധീരതയെക്കുറിച്ച് ലോകത്തെ അറിയിച്ചത് ജല്‍ ക്രാന്തി എന്ന പേരില്‍ പശു സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ സ്ഥാപകന്‍ മന്‍സുഖ് സുവഗ്യയാണ്. താന്‍ ഇത് അറിഞ്ഞത് പ്രദേശവാസികള്‍ പറഞ്ഞാണെന്നും സുവഗ്യ പറയുന്നു. തുടര്‍ന്ന് അഞ്ചുദിവസം ഇദ്ദേഹവും പെണ്‍കുട്ടികള്‍ക്കൊപ്പം കാട്ടിലേക്ക് പോയിരുന്നു. അവിടെ വച്ച് പെണ്‍കുട്ടികളുടെ ധൈര്യം താന്‍ നേരിട്ട് കണ്ടെന്നും അദ്ദേഹം പറയുന്നു.

ഗിര്‍ വനത്തിനു സമീപം മെന്ദാവാസിലാണ് സാന്തോക് റാബറിയും (19), സഹോദരി മൈയയും (18)  താമസിക്കുന്നത്. 10 വര്‍ഷം മുമ്പ് സ്‌ട്രോക് വന്നാണ് പെണ്‍കുട്ടികളുടെ അച്ഛന്‍ മരണപ്പെട്ടത്. അന്നുമുതല്‍ ഇരുവരും പശുക്കളെ മേയ്ക്കാനായി വനത്തില്‍ പോകാറുണ്ടായിരുന്നു. ഈ മാസം ഒന്‍പതിന് ഇരുവരും പശുവിനെ മേയ്ക്കാന്‍ പോയപ്പോഴാണ് സിംഹം പശുക്കളെ ആക്രമിക്കാന്‍ വന്നത്. കൈയ്യിലിരുന്ന വടി സിംഹത്തിനു നേര്‍ക്ക് ഉയര്‍ത്തി സിംഹത്തിന്റെ കണ്ണുകളിലേക്ക് തുറിച്ചുനോക്ക പെണ്‍കുട്ടികള്‍ നിലയുറപ്പിച്ചു. സിംഹം ഒരടി പിന്നോട്ടു വച്ചതും ഇരുവരും മുന്നോട്ടു നീങ്ങി. ഇതോടെ സിംഹം പേടിച്ചു ഓടിപ്പോയി.

Related posts