മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ ആകാൻ മുൻ താരം അജിത് അഗാർക്കറും രംഗത്ത്. സെലക്ടർ ഒഴിവിലേക്ക് ബിസിസിഐക്ക് അപേക്ഷ സമർപ്പിച്ചതായി അഗാർക്കർ അറിയിച്ചു. മുംബൈ സീനിയർ ടീമിന്റെ സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാനായിരുന്നു അഗാർക്കർ.
ഇന്ത്യൻ മുൻ താരങ്ങളായ ലക്ഷ്മണ് ശിവരാമകൃഷ്ണൻ, രാജേഷ് ചൗഹാൻ, നയൻ മോംഗിയ, ചേതൻ ശർമ, അമയ് ഖുറേസിയ തുടങ്ങിയവരും സെലക്ടർ സ്ഥാനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഒഴിവുള്ള രണ്ട് സ്ഥാനത്തേക്കാണ് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരിൽ ഒരാളായിരിക്കും സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നാണ് സൂചന. എം.എസ്.കെ. പ്രസാദ്, ഗഗൻ ഗോഡ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.