അഗളി: വയോധികയായ അമ്മയേയും പ്രായപൂർത്തിയാകാത്ത സഹോദരപുത്രിയേയും മാനസികവൈകല്യമുള്ള സഹോദരിമാരേയും വീട്ടിൽ നിന്നും പുറത്താക്കി മകന്റെ ക്രൂര നടപടി.
അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറയിലാണ് സംഭവം. കോട്ടത്തറ സ്വദേശി വിജയകുമാറാണ് അമ്മയെയും മാനസിക വൈകല്യമുള്ള സഹോദരിമാരെയും വീടിന് പുറത്താക്കി വീട്ടുപകരണങ്ങൾ വലിച്ചു പുറത്തിട്ടത്.
വീട് തന്റെ പേരിലാണെന്ന വാദമുയർത്തിയായിരുന്നു വിജയകുമാറിന്റ നടപടി.വിജയകുമാറിന്റെ അമ്മ സരസ്വതിയുടെ കയ്യിൽ നിന്നും ദാനക്കരാർ പ്രകാരം ഭൂമി സ്വന്തമാക്കിയെന്നാണ് വിജയകുമാർ പറയുന്നത്.
എന്നാൽ തന്നെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചുമാണ് തന്റെ ഒപ്പ് വാങ്ങിയതെന്നാണ് അമ്മ സരസ്വതിയുടെ പ്രതികരണം.മകന്റെ ഭീഷണിയും മർദ്ദനവും ഭയന്ന് വയോധികയായ സരസ്വതിയും കുടുംബവും ആനക്കട്ടിയിൽ വാടകക്ക് വീടെടുത്താണ് താമസം.
ഫെബ്രുവരി 3ന് വിജയകുമാറിന്റെ അച്ചൻ മരിച്ച ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പിതാവ് മരിച്ച് ഒരു മാസം കഴിഞ്ഞതോടെയാണ്സ്വത്തിനു വേണ്ടി സ്വന്തം അമ്മയേയും സഹോദരങ്ങളേയും തെരുവിലേക്കിറക്കി വിടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരും സിപിഎം പ്രവർത്തകരും ഇതിനെതിരെ രംഗത്തെത്തി. ഷോളയൂർ സബ് ഇൻസ്പെക്ടർ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
പോലീസ് എത്തിയതും പുറത്തിറക്കിയ വീട്ട് സാധനങ്ങൾ അകത്തേക്ക് കയറ്റി വെക്കാൻ നിർദ്ദേശം നൽകി. ഇത് വിജയകുമാറും കുടുംബവും തടഞ്ഞു.
ഇതോടെ ഇവരെ ബലമായി പോലീസ് പിടിച്ച് മാറ്റി.സംഭവത്തിൽ കൂടുതൽ നിയമ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതിനല്കുവാൻ സരസ്വതിക്ക് പോലീസ് നിർദേശം നൽകി.അമ്മയോടും സഹോദരികളോടും കോട്ടത്തറയിലെ വീട്ടിൽ തന്നെ താമസിക്കുവാനും തൽ സ്ഥിതി തുടരുവാനും പോലീസ് നിർദശിച്ചു.