പുതുക്കാട്: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റൈൽസ് കോർപറേഷന്റെ അളഗപ്പനഗറിലുള്ള കുട്ടികളുടെ പാർക്കിൽ മണ്ണ് തള്ളിയതായി പരാതി.സമീപത്ത് നിർമിക്കുന്ന സഹകരണ ബാങ്കിന്റെ കെട്ടിടത്തിന് അസ്ഥിവാരം കോരിയ ലോഡ് കണക്കിനു മണ്ണാണ് പാർക്കിൽ തള്ളിയിരിക്കുന്നത്.
ഒരേക്കർ വിസ്തീർണമുള്ള പാർക്കിന്റെ പകുതിയോളം ഭാഗം മണ്ണിട്ട നിലയിലാണ്. ബാങ്ക് കെട്ടിട നിർമാണ സാമഗ്രികളും ഈ പാർക്കിലാണു കൊണ്ടിട്ടിരിക്കുന്നത്. പാർക്കിലെ ഇരിപ്പിടങ്ങളും ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളും മണ്ണിനടിയിലായി.
ടെക്സ്റ്റൈൽസ് അധികൃതരുടെ അറിവോടെയാണ് പാർക്കിൽ മണ്ണ് തള്ളിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാഴ്ചമുന്‍പാണ് ടിപ്പർ ലോറികളിൽ കൊണ്ട ുവന്ന മണ്ണ് പാർക്കിൽ കുന്നുകൂട്ടിയിട്ടത്. അധികൃതരുടെ അവഗണനയിൽ പാർക്കിലെ ഭൂരിഭാഗം കളിയുപകരണങ്ങളും നശിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാർക്കിൽ മണ്‍കൂനകൾ നിറഞ്ഞത്.
ഉപകരണങ്ങൾ തുരുന്പെടുത്ത് നശിച്ചതോടെ കുട്ടികൾ മൈതാനമായാണ് പാർക്ക് ഉപയോഗിക്കുന്നത്. ടെക്സ്റ്റൈൽസിൽ ജനറൽ മാനേജരായിരുന്ന പോൾ ഫ്രാൻസീസാണ് 1986 ൽ പാർക്ക് സ്ഥാപിച്ചത്. അളഗപ്പ ചെട്ടിയാർ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് പാർക്ക് നിർമിച്ചത്.
അളഗപ്പ മില്ലിലെ തൊഴിലാളികളുടെ മക്കൾക്കായി ആരംഭിച്ച പാർക്ക് പിന്നീട് പൊതുജനങ്ങൾക്കുകൂടി തുറന്നു കൊടുക്കുകയായിരുന്നു. വേനലവധിക്കാലത്തിനുമുന്പ് പാർക്കിലെ മണ്ണും മറ്റ് സാമഗ്രികളും നീക്കം ചെയ്ത് പാർക്ക് പൂർവസ്ഥിതിയിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.