യാത്രകൾ പോകാൻ കൊതിക്കുന്നവരാണ് നാമെല്ലാവരും. വീട്ടുകാരോടൊപ്പവും കൂട്ടുകാരോടൊപ്പവുമെല്ലാം പലരും യാത്ര പോകാറുമുണ്ട്. എന്നാൽ ആരുടെ കൂടെ പോയാലും നമ്മൾ പോകുന്ന സ്ഥലവും യാത്രാ മാർഗവുമെല്ലാം സുരക്ഷിതമാണോ എന്ന് ഉറപ്പിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. നമ്മൾ അറിയാതെ പതിയിരിക്കുന്ന അപകടങ്ങൾ ധാരാളമാണ്.
അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം പാലക്കാട് ഉണ്ടായത്. അഗളിയില്‍ മഞ്ഞച്ചോല വ്യൂ പോയിന്റ് സന്ദര്ശിക്കുന്നതിനായ് ഒരു പറ്റം കൂട്ടുകാരെത്തി. എന്നാൽ അവർക്ക് വഴിതെറ്റി പോയി. പിന്നാലെ മലയില്‍ കുടുങ്ങുകയും ചെയ്തു.
നാല് കൂട്ടുകാരാണ് ഉല്ലാസയാത്രയ്ക്കായി അഗളിയിലെത്തിയത്. മഞ്ഞും മഴയും ഒരുമിച്ച് കാണുന്നതിനായി വൈകുന്നേരത്തോടെയാണ് വിദ്യാര്‍ഥികള്‍ വ്യൂ പോയിന്റിലെത്തിയത്.
എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴ അവിടെ വില്ലനായി അവതരിച്ചു. മഴ കനത്തതോടെ ഇരുട്ടുമൂടുകയും വഴി കാണാതെ വന്നതോടെ ഇവർക്ക് വഴിതെറ്റി പോവുകയും ചെയ്തു. ശക്തമായ മഴ പെയ്യുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് വിദ്യാർഥികൾ മലമുകളിലേക്ക് കയറിയത്.
7.30 ഓടെയാണ് നാലുപേരും മലയില്‍ കുടുങ്ങിയത്. ഉടൻതന്നെ ഇവ്ർ മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചു. അതെത്തുടർന്ന് പോലീസും മണ്ണാർക്കാട് ഫയര്‍ ഫോഴ്സും ചേർന്ന് ഇവരെ സുരക്ഷിതരായി താഴെ എത്തിക്കുകയും ചെയ്തു.
അഗളി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരേ കേസെടുത്തു. മേലാറ്റൂര്‍ സ്വദേശികളായ അഷ്കര്‍, സല്മാന്,സെഹാനുദ്ദിന്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.