അഗളി: കാട്ടാന കുടിക്കാതെ വാഷ് സൂക്ഷിക്കാൻ ആൽമരത്തിനു മുകളിൽ സുരക്ഷ കണ്ടെത്തുകയാണ് ചാരായവാറ്റുകാർ. പുതൂർ അരളികോണത്ത് വേടാംകുളത്തിനു സമീപമാണ് ആൽമരത്തിനു മുകളിലെ ഏറുമാടത്തിൽ വാഷും ചാരായവും സൂക്ഷിച്ചിരുന്നത്.
പത്തു ലിറ്റർ ചാരായവും 180 ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു. എക്സൈസുകാർ ആൽമരത്തിലെ ഏറുമാടത്തിൽ കയറി കുടങ്ങളിൽ സൂക്ഷിച്ചിരുന്ന വാഷും കന്നാസിലിരുന്ന ചാരായവും കയർ കെട്ടി താഴെയിറക്കി.
കാട്ടിൽ വാഷ് സൂക്ഷിച്ചാൽ കാട്ടാനകൾ കുടിച്ചുതീർക്കുമെന്നതിനാലാണ് ഏറുമാടത്തിൽ വാഷ് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ജനമൈത്രി എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ജയപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ് ആർ, ഫ്രനറ്റ് ഫ്രാൻസിസ് രങ്കൻ കെ, അഗളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ കെ സിവിൽ എക്സൈസ് ഓഫീസർ മുസാപ്പ, പ്രേംകുമാർ, ഡ്രൈവർ ജയപ്രകാശ്, എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.