അഗളി: അഗളിയിലെ കൊട്ടമേട് സ്വദേശി 67-കാരിയായ മരതകത്തിന് അഞ്ചുവർഷം കഠിന തടവിനും 10,000 രൂപ പിഴയും പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു. പെണ്കുഞ്ഞിനെ പ്രസവിച്ചയുടൻ ഭൂതിവഴി ഉൗരിനടുത്തുള്ള കാട്ടിൽ പന്ത്രണ്ടടിയോളം താഴ്ചയുള്ള ഒരു തോട്ടിലേക്ക് മരിക്കുന്നതിനായി എറിഞ്ഞു ഉപേക്ഷിച്ചതാണ് കേസിനാസ്പദമായ സംഭവം.
വന്യജീവികളുള്ള കാട്ടിലെ തോട്ടിൽ രണ്ടുദിവസത്തോളം കിടന്ന കുട്ടിയെ 2012 ആഗസ്റ്റ് 15 ന് ഉച്ചയോടെ ആടുമേയ്ക്കുവാൻ വന്ന ഭൂതിവഴി ഉൗരിലെ പാപ്പാൾ എന്ന സ്ത്രീ കരച്ചിൽ കേട്ട് പോലീസിൽ അറിയിക്കുകയായിരുന്നു.
ശരീരമാസകലം പുഴുവരിച്ച് ഗുരുതരാവസ്ഥയിൽ മുൾപടർപ്പിൽ കിടക്കുന്ന കുഞ്ഞിനെയാണ് പോലീസുകാർ കണ്ടത്.അന്നത്തെ അഗളി സർക്കിൾ ഇൻസ്പെക്ടർ ആർ.മനോജ് കുമാർ, എസ്ഐ കെ.കൃഷ്ണവർമ, വനിതാ പോലീസ് ഓഫീസർമാരായ ബീന, സുന്ദരി എന്നിവർ കുട്ടിയെ ആദ്യം അഗളി സിഎച്ച്സിയിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു.
ഡോക്ടർമാരായ പ്രേം സുലജലത, രാജേഷ് എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. വനിതാ പോലീസുദ്യോഗസ്ഥരാണ് ആശുപത്രിയിൽ കുട്ടിക്കായി മുഴുവൻ സമയവും പരിചരണത്തിനിരുന്നത്. കുട്ടിക്ക് പൂർണ ആരോഗ്യം കൈവന്നതിനുശേഷം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ വച്ച് അഗളി പോലീസിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ, രാഷ്ട്രീയസാമൂഹിക പ്രവർത്തകർ, വ്യാപാരികൾ എന്നിവർ ചേർന്ന് സ്വർണാഭരണങ്ങളും വസ്ത്രങ്ങളും നല്കി കുട്ടിയെ സിഡബ്യൂസി മുഖേന മലന്പുഴയിലെ പ്രോവിഡൻസ് ഹോമിന് കൈമാറി.
സ്വാതന്ത്ര്യദിനത്തിൽ കുട്ടിയെ കണ്ടെത്തിയതിനാൽ വനിതാ പോലീസുദ്യോഗസ്ഥർ കുഞ്ഞിന് സ്വതന്ത്ര എന്നപേരും നല്കിയിരുന്നു. കുറ്റകൃത്യത്തിന് ഒരു ദൃക്സാക്ഷിയുമില്ലാതെ ഇരുന്നിട്ടും ഡിഎൻ എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് തെളിയിക്കപ്പെട്ടത്.
അന്നത്തെ അഗളി സർക്കിൾ ഇൻസ്പെക്ടർ ആർ.മനോജ് കുമാർ അന്വേഷിച്ച കേസ് അഡീഷണൽ പി.പി ആനന്ദാണ് കോടതിയിൽ വാദിച്ചത്. 307 ഐപിസി പ്രകാരം അഞ്ചുവർഷം കഠിനതടവും 5000 രൂപ പിഴയും ജെ ജെ ആക്ട് പ്രകാരം നാലുവർഷം കഠിനതടവും 5000 രൂപ പിഴയ്ക്കും പ്രതി അർഹയാണെങ്കിലും പ്രതിയുടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അഞ്ചുവർഷം കഠിന തടവായി ചുരുക്കുകയാണെന്നാണ് വിധിയിൽ പറയുന്നത്.