സുനിൽ കോട്ടൂർ
കാട്ടാക്കട : ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അഗസ്ത്യമല സന്ദർശിക്കാൻ 100 സ്ത്രീകളാണ് ഇക്കുറി എത്തുക. സ്ത്രികൾക്ക് പ്രവേശനം അനുവദിച്ച കോടതി വിധി നടപ്പിലാക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുയർത്തിയ ആദിവാസികളായ കാണിക്കാർ ഏതു തരത്തിൽ സമരം നടത്തുമെന്ന ആശങ്കയിലാണ് എല്ലാവരും.
ഇക്കുറി സ്ത്രീകളായ 100 പേരാണ് അഗസ്ത്യമല സന്ദർശിക്കാൻ എത്തുക. 4000 പേർ പുരുഷന്മാരും. വരുന്ന സ്ത്രീകളെ ഏതു രീതിയിൽ എത്തിക്കണമെന്നും അത് കാണിക്കാരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് എതിരാവതെ നീങ്ങണമെന്നതും വനം വകുപ്പിനെ ആശങ്കയിലാക്കുകയാണെന്ന് വാർഡൻ ഷാജികുമാർ പറയുന്നു.
അതിനിടെ തങ്ങൾക്ക് മുന്നിൽ ഇക്കാലമത്രയും നിഗൂഢസൗന്ദര്യമായി മറഞ്ഞിരുന്ന അഗസ്ത്യാർകൂട കാഴ്ചകളിലേക്ക് ബോണക്കാട് ചെക്ക് പോസ്റ്റ് ആദ്യമായി തുറക്കപ്പെടുമ്പോൾ പെൺകൂട്ടായ്മകൾ ആവേശത്തിലാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ അഗസ്ത്യർകൂടത്തിലേക്ക് 14 മുതലാണ് ഇത്തവണ ട്രക്കിംഗ് തുടങ്ങുന്നത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇവിടേക്ക് സ്ത്രീകൾക്കപ്രവേശനം നിഷേധിച്ചിരുന്നത്.
സമരങ്ങൾ നടത്തിയും കോടതിയെ സമീപിച്ചും അനുകൂലവിധി നേടുകയായിരുന്നു. ഇതിനായി മുന്നിട്ടിറങ്ങിയ അന്വേഷി, വിംഗ്സ്, പെണ്ണൊരുമ എന്നീ സംഘടനകളുടെ പ്രവർത്തകർ തന്നെയാണ് പാസ് നേടിയവരിൽ ഏറെയും.കേട്ടറിവ് മാത്രമുള്ള വന്യസൗന്ദര്യം ആസ്വദിക്കാനുള്ള ആവേശത്തിലാണ് തങ്ങളെന്ന് കോഴിക്കോട്ടു നിന്നുള്ള സംഘാംഗം ദിവ്യ പറഞ്ഞു.
ഇവർക്കൊപ്പമുള്ള നിരവധിപേർ രജിസ്ട്രേഷനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ മൂന്നുദിവസമാണ് സന്ദർശനത്തിന് വേണ്ടിവരികയെങ്കിലും പുരുഷൻമാർപോലും രണ്ടുദിവസ യാത്രയാക്കി ചുരുക്കുകയാണ് പതിവ്.എന്നാൽ മൂന്നുദിവസവും ഉപയോഗപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തിരുവനന്തപുരത്തുനിന്നുള്ള സംഘത്തെ നയിക്കുന്ന ഷൈനി രാജ്കുമാർ പറഞ്ഞു. സ്ഥിരമായി ട്രക്കിംഗ് നടത്താറുള്ളവരാണ് ഇവരുടെ സംഘത്തിലുള്ളത്.
കഴിഞ്ഞവർഷവും ഇവരിൽ പലരും പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അതിരുമലവരെ പോകാനേ വനംവകുപ്പ് അനുമതി കൊടുത്തുള്ളൂ.
തുടർന്നാണ് കോടതിയെ സമീപിച്ചത്. യുനസ്കോയുടെ പൈതൃക പട്ടികയിലുള്ള, പാരിസ്ഥിതിക പ്രാധാന്യമർഹിക്കുന്ന അഗസ്ത്യാർകൂടത്തിലേക്ക് കടക്കാൻ നിരവധി കർശന ഉപാധികളാണുള്ളത്.
വന്യജീവി ആക്രമണ ഭീഷണിയുമുണ്ട്. നിബിഡവനവും കാട്ടരുവിയുമൊക്കയായി മോഹിപ്പിക്കുന്ന ഭൂപ്രകൃതിയാണ് അഗസ്ത്യാർകൂടത്തിന്റെ ആകർഷണം. പരമാവധി ഒരു സംഘത്തിൽ പത്തുപേരെ മാത്രമേ ഉൾപ്പെടുത്തൂ. ഒപ്പം ഒരു ഗൈഡിന്റെ സേവനവുമുണ്ടാകും.