കാട്ടാക്കട: ഇനി അഗസ്ത്യദർശനത്തിന്റെ ദിവസങ്ങളായി. കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമായി ആയിരകണക്കിന് വിശ്വാസികളും പരിസ്ഥിതി സ്നേഹികളും കൂട്ടമായി അഗസ്ത്യകൂടം സന്ദർശിക്കാനെത്തും. മലനിരകളും കാട്ടുമൃഗങ്ങളും പുതിയ അനുഭവങ്ങളായി മാറും. സ്ത്രീകൾക്കും പ്രവേശനമുണ്ട് എന്നതും സവിശേഷതയാകുന്നു.
ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ പർവ്വതമാണ് അഗസ്ത്യകൂടം. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6700 ളം അടി ഉയരമുള്ളതാണ് അഗസ്ത്യകൂടം. അപൂർവ്വ സസ്യജന്തുജാലങ്ങളും മലമടക്കുകളും നിറഞ്ഞ ഈ ഉൾവനം ലോകത്തിന്റെ ശ്രദ്ധ പോലും നേടിയതാണ്.
ഏറ്റവും പഴക്കം ചെന്ന വനമായി ഐക്യരാഷ്ട്രസംഘടന വിലയിരുത്തിയ അഗസ്ത്യകൂടം ലോകത്തിലെ പൈതൃക വനമാണ്. മഴക്കാടുകൾ എന്നു വിശേഷിപ്പിക്കാവുന്ന ഈ കാടുകൾഅപൂർവ്വമായി കാണപ്പെടുന്ന ഒന്നാണ്. അഗസ്ത്യമുനി തപസ്സ് ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്ന അഗസ്ത്യകൂടം പുരാണങ്ങളിൽ പോലും പരാമർശിക്കുന്നുണ്ട്.
സിദ്ധവൈദ്യത്തിന്റെ ആചാര്യനായും തമിഴ് ഭാഷയുടെ ഉപജ്ഞാതാവായും അറിയപ്പെടുന്ന കുറിയ മുനി എന്നു വിളിക്കുന്ന കുംഭസംഭവൻ(അഗസ്ത്യമുനി) തപം ചെയ്ത ഈ കാട് കാണാനാണ് ഏറെ പ്പേരും എത്തുന്നത്. മൂന്ന് നാൾ നീളുന്ന തീർഥയാത്ര കഴിയുമ്പോൾ മനസ്സിനും ശരീരത്തിനും കുളിർമയും പുതിയ ഉൻമേഷവും.
വനം വകുപ്പാണ് പാസ്സ് നൽകി കടത്തി വിടുന്നത്. ഇക്കുറി പാസ്സ് ഓൺലൈനായി കിട്ടും. വനം വകുപ്പിന്റെ www. forest.kerala. gov.inഎന്നതിലോ serviceline.gov.in./treckking എന്നതിലോ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾ 0471 2360762 എന്നവൈൽഡ് ലൈഫ് വാർഡന്റെ നമ്പരിൽ നിന്നും കിട്ടും ഓൺലൈൻ ജനുവരി 8 മുതൽ തുടങ്ങും. രാവിലെ 11 മണി മുതൽ ലഭ്യമാകും.
1100 രൂപയാണ് ഒരോ സന്ദർശകരിൽ നിന്നും ഈടാക്കുന്നത്. ഇക്കുറി ജനുവരി 14 മുതലാണ് സന്ദർശകരെ കടത്തി വിടുന്നത്. മാർച്ച് ഒന്നിന് അവസാനിക്കും. ഒരു ദിവസം 100 പേരെയാണ് കടത്തി വിടുക. ബോണക്കാട് വഴിയാണ് പോകാൻ അനുവദിക്കുക.
പാസ്സില്ലാതെ കടന്നു വരുന്നവർക്ക് ജയിൽ ശിക്ഷ ഉൾപ്പടെ കിട്ടും. മദ്യം , ആയുധങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്.സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് പ്രവേശനമില്ല യാത്രക്കാരൊപ്പം വനം വകപ്പിന്റെ ഗൈഡും ഉണ്ടാകും. അതിരുമലയിൽ തങ്ങി അവിടെ നിന്നും കയറ്റം കയറി പൊങ്കാല പാറയിൽ എത്തിയാണ് കുത്തനെയുള്ള കയറ്റം കയറി അഗസ്ത്യമുടിയിൽ എത്തുക.
ഏതു നിമിഷവും അന്തരീക്ഷം മാറി മറിയുന്ന അഗസ്ത്യമുടിയിൽ പലർക്കും എത്താനും കഴിയില്ല. ഏഴിലംപൊറ്റ എന്ന ഭാഗത്താണ് അഗസ്ത്യമുനി തപം ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നത്. ഇവിടെ പോകാൻ പലർക്കും കഴിയാറില്ല. വർഷങ്ങൾക്ക് മുൻപ് ഇവിടെ കയറാൻ ശ്രമിച്ച ഒരു ജർമ്മൻകാരൻ പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് ആരും പോകാതെയായത്.
കടുവകളും പാമ്പുകളും നിറഞ്ഞ ഭാഗമാണിവിടം.ഔഷധസസ്യങ്ങളുടെ ഭൂമിയാണിവിടം. മൃതസജ്ഞീവിനി ഇവിടെയാണെന്നാണ് പുരാണങ്ങൾ പറയുന്നത്. അപുർവ്വയിനത്തിൻ പ്പെട്ട സസ്യങ്ങളും ജന്തുക്കളും ഇവിടെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.ഈ മലനിരകളിൽ നിന്നാണ് നെയ്യാറും കരമനയാറും ഉത്ഭവിക്കുന്നത്. തമിഴ്നാട്ടിലേയ്ക്കുള്ള 25 നദികളും ചുരത്തുന്നത് ഈ മലനിരകളാണ്. 1862 ൽ ഇവിടെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം രാജകുടുംബം സ്ഥാപിച്ചിരുന്നു.പിന്നീട് അത് നശിച്ചു പോയി. ഒരിക്കൽ ബുദ്ധസന്യാസിമാരുടെ താവളമായിരുന്നു ഇവിടം.
ചെയ്യേണ്ടത് ഇവ
ട്രക്കിംഗ് ജനുവരി 14 മുതൽ ഫെബ്രുവരി 18 വരെ. പരമാവധി 100 പേർക്ക് പ്രവേശനം അനുവദിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അവരുടെ ടീം അംഗങ്ങളുടേയും തിരിച്ചറിയൽ കാർഡ് വേണം. ട്രക്കിംഗിൽ പങ്കെടുക്കുന്നവരുടെ ഒരോരുത്തരുടേയും തിരിച്ചറിയിൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം.
14 വയസ്സിനു താഴെ ട്രക്കിംഗ് അനുവദിക്കില്ല. സ്ത്രികൾക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ല. പ്ലാസ്റ്റിക്ക് നിരോധിച്ചിട്ടുണ്ട്. ഇക്കോകമ്മറ്റിയാണ് കാര്യങ്ങൾ നിയന്ത്രിക്കുക