ഞങ്ങള്‍ കയറിയാല്‍ എന്താകുഴപ്പം? അഗസ് ത്യമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നു; തടയുമെന്ന് ആദിവാസി സംഘടനകള്‍

agastyamala-lകാട്ടാക്കട: അഗസ്ത്യമല ദര്‍ശനത്തിന് സത്രീകളെ പ്രവേശിക്കാനുള്ള ഉത്തരവ് വിവാദത്തിലേക്ക്. 25ന് സ്ത്രീകളെ അഗ സത്യമലയില്‍ പ്രവേശിപ്പിക്കണമെന്നു കാട്ടി വനം സെക്രട്ടറി മാര്യപാണ്ട്യന്‍ ഉത്തരവ് നല്‍കിയതാണ് ഇവിടെ പ്രതിഷേധത്തിന്റെ കനലുകള്‍ ഉയര്‍ത്തുന്നത്. സാധാരണ പുരുഷന്മാരെ മാത്രം നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് അഗസ്ത്യമുടിയിലേക്ക് കടത്തി വിടുന്നത്. അത് സ്ത്രീകള്‍ക്ക് കൂടി ബാധകമാക്കണമെന്ന് കാണിച്ച് സ്ത്രീപക്ഷ സംഘടനകള്‍ രംഗത്തുവരികയും അങ്ങിനെ വന്നാല്‍ അത് തടയുമെന്ന് ആദിവാസികളും പറഞ്ഞതോടെയാണ് പ്രശ്‌നം വിവാദമായത്. പ്രതിഷേധമായി അടുത്തിടെയാണ് ആദിവാസി സംഘടനകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് വരെ നടത്തിയത്. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും എതിര്‍പ്പുണ്ടായിരുന്ന നീക്കമാണ് ഇപ്പോള്‍ പ്രതിഷേധം ഉയര്‍ത്താന്‍ പോകുന്നത്.

ആനമുടി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ പര്‍വതമാണ് അഗസ്ത്യകൂടം. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 6700 അടി ഉയരമുള്ളതാണ് അഗസ്ത്യകൂടം. അപൂര്‍വ സസ്യജന്തുജാലങ്ങളും മലമടക്കുകളും നിറഞ്ഞ ഈ ഉള്‍വനം ലോകത്തിന്റെ ശ്രദ്ധ പോലും നേടിയതാണ്. ഏറ്റവും പഴക്കം ചെന്ന വനമായി ഐക്യരാഷ്ട്രസംഘടന വിലയിരുത്തിയ അഗസ്ത്യകൂടം ലോകത്തിലെ പൈത്യക വനമാണ്. ഇവിടെ പ്രവേശനം നല്‍കുന്നത് പാസ് വഴിയാണ്. അതും നിയന്ത്രിതമായ രീതിയില്‍ . മകരവിളക്ക് കഴിഞ്ഞാണ് പാസ് നല്‍കുന്നത്. ഏഴുമടക്കന്‍ തേരി പോലുള്ള കുത്തനെയുള്ള കയറ്റം കയറി വേണം അഗസ്ത്യമുടിക്ക് താഴെയുള്ള അതിരുമലയില്‍ എത്താന്‍.

ഇവിടെ നിന്നും രണ്ട് മണിക്കൂര്‍ നടന്ന് ഈറക്കാടുകളും ചെറുമരങ്ങളും ഇടതൂര്‍ന്ന് കിടക്കുന്ന കുന്നിലൂടെ കയറി പൊങ്കാലപ്പാറയില്‍ എത്തണം. അവിടെ നിന്നാണ് കുത്തനെയുള്ള പാറയിലൂടെ കയറി അഗസ്ത്യമുടിയില്‍ എത്താന്‍. ഇതിനായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഇരുന്പ് വടത്തിലൂടെ കയറി വേണം മുകളിലെത്താന്‍. അത്യന്തം അപകടമായ ഈ യാത്ര അപകടം വരുത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് സ്ത്രീകളെ കൂടെ കയറ്റി വിടണമെന്ന ആവശ്യമുയരുന്നത്. ഇതിനെ വനം വകുപ്പ് എതിര്‍ത്തിരുന്നു.

കാട്ടുമൃഗങ്ങള്‍ പ്രത്യേകിച്ചും കരടി , കടുവ എന്നിവ സദാ ചുറ്റി കറങ്ങുന്ന ഈ തണുത്ത പ്രദേശം വളരെ അപകടമാണെന്ന് ഇതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വനം ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് സംരക്ഷണം ഒരുക്കാനും ഇവിടെ സാഹചര്യമില്ല എന്നതും എടുത്തു പറഞ്ഞിരുന്നു. സത്രീകളെ കടത്തിവിടുന്നത് ഇവിടുള്ള അനുഷ്ഠാനത്തിന് എതിരാണെന്നും ഇത് അനുവദിക്കരുതെന്നും യോഗത്തിനെത്തിയ ആദിവാസി സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്കും പ്രവേശിക്കണം എന്ന വാശിയില്‍ തന്നെ സ്ത്രീ പക്ഷ സംഘടനകള്‍ ഉറച്ച്് നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് വരുന്ന 25 ന് കടത്തിവിടാന്‍ തീരുമാനിച്ചത്.

ആദ്യ ഘട്ടമെന്ന നിലയില്‍ 10 പേരെ കടത്തിവിടും. ഇതോടെ ഇവിടെ പ്രതിഷേധം ഉയരുമെന്ന് ഉറപ്പായി. സ്ത്രീകളെ കടത്തിവിടുന്നത് തടയുമെന്ന് ആദിവാസികള്‍ പറയുന്നു. ഹിന്ദു ഐക്യവേദിയും ഇവര്‍ക്ക് കൂട്ടായുണ്ട്. അതിനിടെ വനം വകുപ്പിന് ഇതൊരു പരീക്ഷണജോലിയായി മാറിയിരിക്കുകയാണ്. ഇവരെ വനത്തിലൂടെ കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും ഉള്‍പ്പടെ നോക്കേണ്ടി വരും.

Related posts