കാട്ടാക്കട: അഗസ്ത്യാർകൂട സന്ദർശനത്തിന് സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നീക്കം വിവാദമാകുന്നു. ആദിവാസികളാണ് എതിർപ്പുമായി എത്തിയിരിക്കുന്നത്ഗ്രോത്രാചാര പൂജകൾ നടക്കുന്ന അഗസ്ത്യ സന്നിധിയിൽ സ്ത്രീപ്രവേശനം ഉണ്ടായാൽ അഗസ്ത്യ നാമം ജപിച്ച് വനവാസി സമൂഹം പ്രതിഷേധിക്കുമെന്നും അവരെ തടയുമെന്നും ഭാരവാഹികൾ പറഞ്ഞു. അതിരുമല വരെ സ്ത്രീകൾ എത്തുന്നത് തടയില്ല.
അഗസ്ത്യരുടെ പർണശാലയിലേക്ക് കടക്കാൻ അനുവദിക്കില്ല. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.14 ന് മുഖ്യ പൂജാരി ഭഗവാൻ കാണിയുടെ നേതൃത്വത്തിൽ പൂജാ സംഘം അതിരുമലയിലെത്തും. അന്ന് അതിരുമലയിൽ ആചാര ചടങ്ങുകളും ചാറ്റുപാട്ടും നടക്കും.15 ന് പൂജാരി സംഘം ദ്രവ്യങ്ങളുമായി മലചവിട്ടി സന്നിധാനത്തെത്തി പൂജയും അഗസ്ത്യർക്ക് അഭിഷേകവും ആരാധനയും നടത്തി മലയിറങ്ങും. മാർച്ച് 2,3,4 തീയതികളിലാണ് ശിവരാത്രി പൂജയും കൊടുതിയും.
യുനെസ്കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ജൈവ മഴക്കാടുകളായ അഗസ്ത്യകൂടത്തിൽ ഇനി സ്ത്രീകൾക്കും കയറാമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ശബരിമല കയറ്റത്തിനെന്ന പോലെ അഗസ്ത്യാർകൂട കയറ്റത്തിനും ലിംഗവിവേചനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതേടെ വരുന്ന സീസണിൽ ഇവർക്ക് മല കയറാമെന്നും പറഞ്ഞിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിൽ സഞ്ചാരത്തിന് സർക്കാർ തയാറാക്കിയ മാർഗനിർദേശം അതേപടി പാലിക്കണമെന്നും കോടതി നിർദേശിച്ചു. ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു ആദിവാസികളായ കാണിക്കാരുടെ ആവശ്യം. സഞ്ചാരം അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. അഗസ്ത്യമുനി തപം ചെയ്യുന്ന ഇടമായി കരുതുന്ന സ്ഥലമാണ് ഇവിടം. ജനുവരി 14 മുതൽ മാർച്ച് വരെയാണ് അഗസ്ത്യമല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. സ്ത്രീകൾക്കും 14 വയസിൽ താഴെയുള്ള കുട്ടികൾക്കും പോകാനാവില്ലെന്നായിരുന്നു വനംവകുപ്പ് ഉത്തരവ് .
സഞ്ചാരം അനുവദിച്ചിരിക്കുന്ന അഗസ്ത്യാർകൂടത്തിൽ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റീസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്. കാണിക്കാരുടെ ആചാരമനുസരിച്ച് ബോണക്കാട്ട് നിന്നു 18 കിലോമീറ്റർ അകലെ അതിരുമല മാത്രമേ സ്ത്രീകളെ കടത്തിവിട്ടിരുന്നുള്ളൂ. അതിരുമലയിൽ നിന്ന് ആറു കിലോമീറ്റർ കയറിയാലേ അഗസ്ത്യമുടിയിൽ എത്തൂ. നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നത്. അപകടസാധ്യത മുന്നിൽ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു ഉയർന്നിരുന്ന വാദങ്ങൾ.
സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. ഈ മലനിരകൾ ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിരിക്കുന്നു. ഇവിടെ അഗസ്ത്യമുനിയുടെ അമ്പലവും പ്രതിഷ്ഠയുമുണ്ട്. ആദിവാസികളുടെ കുലദൈവമായിട്ടാണ് അഗസ്ത്യമുനിയെ കാണുന്നത്.