കാട്ടാക്കട : അഗസ്ത്യവനത്തിലെ കുളിരണിയിക്കുന്ന കാഴ്ചകൾക്ക് പുറമെ സഞ്ചാരികൾക്ക് കൗതുകമായി കാട്ടുപോത്തും ആനകളും സിംഹവാലൻ കുരങ്ങുകളും. നാച്ചിയാർ മൊട്ടയിലും പാണ്ടിപത്തുമാണ് കൂട്ടമായി കാട്ടുപോത്തുകൾ ഇറങ്ങി തുടങ്ങിയിരിക്കുന്നത്.
ഒപ്പം ആനകൂട്ടങ്ങളും പുലികളും കരടികളും പിന്നെ സിംഹവാലൻ കുരങ്ങുകളും ഉണ്ട്. എപ്പോഴും മഞ്ഞു മൂടി കിടക്കുന്ന വനഭാഗം കാണാൻ സഞ്ചാരികൾക്ക് സൗകര്യമൊരുക്കുകയാണ് വനം വകുപ്പ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലാണ് ഇവ വരുന്നത്. പാണ്ടിപത്തിലും നാച്ചിയാർമൊട്ടയിലും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവും കഴിഞ്ഞാൽ കാണുന്നത് പുൽമേട്. പിന്നെ നിരവധി നദികളും തലസ്ഥാനത്തിന് കുടിവെള്ളം എത്തിക്കുന്ന കരമനയാറിന്റെ തുടക്കവും കാണാവുന്ന മലയിലേക്ക് സഞ്ചാരികൾ എത്തുന്നു.
കാട്ടുപോത്തുകൾക്ക് ഇഷ്ടപ്പെട്ട പ്രദേശമാണിത്. ആനകൾ വെള്ളം കുടിക്കാൻ എത്തുന്നതും ഇവിടെയാണ്. സിംഹവാലൻ കുരങ്ങുകളെയും കാണാം. രാജ ഭരണ കാലത്ത് ഇന്നത്തെ കേരളവുമായും തമിഴ്നാടുമായും എളുപ്പം ബന്ധപ്പെടാൻ കഴിയുന്ന റോഡ് ഉണ്ടായിരുന്നു.
അതായത് ബോണക്കാട്ട് നിന്നും പത്തുമൈൽ നടന്നാൽ തമിഴ്നാട്ടിൽ എത്താം. ഇപ്പോൾ മധുരയിൽ എത്താൻ 140 കിലോമീറ്റർ ഉള്ളപ്പോഴാണ് അന്ന് കാട്ടിലൂടെ 23 കിലോമീറ്റർ നടന്നാൽ മധുരയിൽ എത്താൻ കഴിയുന്ന റോഡ് ഉണ്ടായിരുന്നത്. അത് രാമയ്യൻ ദളവയുടെ കാലത്ത് അടച്ചു. ആ പൗരാണിക റോഡിന്റെ ചില അവശിഷ്ടങ്ങൾ ഇവിടെ കാണാം.
ദൂരം കാണിക്കുന്ന മൈൽകുറ്റികളും മറ്റും. ഇതു വഴി അഗസ്ത്യമലമുടിയിൽ എത്താൻ ചെറിയ പാതകളും തെളിഞ്ഞു കിടപ്പുണ്ട്. ബ്രിട്ടീഷ് കാലത്ത് കാട് മുഴുവൻ അവർ കൈയടക്കി. കാട്ടിൽ തേയില തോട്ടങ്ങളും കാപ്പിതോട്ടങ്ങളും അവർ നിർമിച്ചു. അവരാണ് കാടുമൂടിയ പാത കണ്ട തും കല്ല് വച്ച് അടച്ചതായും ശ്രദ്ധിച്ചത്. കല്ല് മാറ്റിയത് അവരാണ് അവർ പാത വെട്ടിതെളിച്ചു. തോട്ടങ്ങളിൽ നിന്നും തേയിലയും മറ്റും തുറമുഖങ്ങളിൽ എത്തിക്കാൻ ഈ പാത ഉപയോഗിച്ചു. ബോണക്കാട്, അതിരുമല, കളക്കാട് തുടങ്ങി നിരവധി തോട്ടങ്ങളിലെ ഉൽപ്പന്നങ്ങൾ കടത്തി കൊണ്ടുപോകാൻ ഈ പാത അവരെ സഹായിച്ചു. എന്നാൽ പുറം നാട്ടുകാരെ ഇവർ കടത്തി വിട്ടതുമില്ല.
അവർ പാത വെട്ടിതെളിച്ചു. തോട്ടങ്ങളിൽ നിന്നും തേയിലയും മറ്റും തുറമുഖങ്ങളിൽ എത്തിക്കാൻ ഈ പാത ഉപയോഗിച്ചു. ബോണക്കാട്, അതിരുമല, കളക്കാട് തുടങ്ങി നിരവധി തോട്ടങ്ങളിലെ ഉൽപ്പന്നങ്ങൾ കടത്തി കൊണ്ടുപോകാൻ ഈ പാത അവരെ സഹായിച്ചു. കേരളവും തമിഴ്നാടും വിഭജിച്ചപ്പോൾ പാതകൾ ഇരു സംസ്ഥാനത്തുമായി. പിന്നെ അത് കാടുമൂടി. ഉച്ച കഴിഞ്ഞാൽ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണിവിടം.
ഇവിടെ തങ്ങാൻ നിരവധി പാറാപ്പുകളും വനം വകുപ്പിന്റെ കെട്ടിടവും ഉണ്ട്. ഇവിടേയ്ക്ക് പോകാൻ പ്രത്യേക പാക്കേജ് വനം വകുപ്പ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. വകുപ്പിന്റെ വാച്ചർമാർ തന്നെ ഗൈഡുകളായിരിക്കും. നിശ്ചിത ഫീസും ഒടുക്കണം. വനം വകുപ്പിന്റെ തിരുവനന്തപുരം വാർഡന്റെ ഓഫീസിലാണ് ഇതിനായി ബന്ധപ്പെടേണ്ടത്.