മഴക്കാടുകളായ അഗസ്ത്യകൂടത്തിലെ ജല ഉറവിടങ്ങളില്‍ വെള്ളമില്ല;ആശങ്കയില്‍ നാട്ടുകാര്‍

TVM-AGASTIYAVANAMകാട്ടാക്കട:   മഴക്കാടുകളായ അഗസ്ത്യവനത്തിലെ മര്‍മ്മം എന്നു  വിശേഷിപ്പിക്കുന്ന  അഗസ്ത്യമുടിയിലെ നദികളില്‍ വെള്ളമില്ല. ജലസമ്പത്തിന്റെ ഉദ്ഭവമായ  ഇവിടെ വരള്‍ച്ച കണ്ടു തുടങ്ങിയതോടെ ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 7000 അടിയിലേറെ ഉയരമുള്ള പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിലാണ് വരള്‍ച്ചയുടെ ആദ്യപടി കണ്ടു തുടങ്ങിയിരിക്കുന്നത്. ജില്ലയിലെ തന്നെ രണ്ടു വലിയ നദികളായ നെയ്യാറും കരമനയാറും ഉദ്ഭവിക്കുന്നത് അഗസ്ത്യകൂടത്തില്‍ നിന്നാണ്. തമിഴ്‌നാട്ടിലേക്ക് നീരൊഴുക്കുന്ന കല്ലാര്‍, താമ്രപര്‍ണ്ണി, കോതായാര്‍ എന്നിവ അടക്കം നിരവധി നദികളുടെ അമ്മയാണ് ഈ മലനിരകള്‍.

അസംഖ്യം ചെറു നദികളും ഉറവിടങ്ങളും അടങ്ങിയ മലനിരകളിലാണ് നദികളില്‍ വെള്ളമില്ലാത്ത നില. അഗസ്ത്യമലയിലെ നാച്ചിമുടിയില്‍ നിന്നാണ് നെയ്യാര്‍ പിറക്കുന്നത്. അത് ഒഴുകിയെത്തി പൊങ്കാല പാറയിലുടെ താഴേയ്ക്ക് പോയി ചെറു നദികളായി മാറി പിന്നെ കിലോമീറ്റുറുകളോളം വനത്തിലൂടെ ഒഴുകിയാണ് വലിയ നദിയായി മാറുന്നത്. നെയ്യാറില്‍ വെള്ളമില്ല എന്നതാണ് സ്ഥിതി. മാത്രമല്ല അഗസ്ത്യമലക്ക് താഴെ നിരവധി ചെറു നദികള്‍ ഉണ്ട്. ഇവയിലും വെള്ളമില്ല. സാധാരണ നിറഞ്ഞെഴുകുന്ന നദികളിലും വെള്ളമില്ല. തമിഴ്‌നാട്ടിലെ  കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ നിരവധി  വൈദ്യുത – ജലസേചന  അണക്കെട്ടുകള്‍ക്ക് വെള്ളം കൊടുക്കുന്ന നദികളിലും വെള്ളമില്ല.

ഈ അവസ്ഥ തുടര്‍ന്നാല്‍ കുടിവെള്ള വിതരണം അടക്കമുള്ളവയെ ബാധിക്കും. അഗസ്ത്യമല കേരളത്തിലും തമിഴ്‌നാട്ടിലും ചിതറി കിടക്കുന്ന ഭൂവിഭാഗമാണ്. നെയ്യാര്‍, പേപ്പാറ വനത്തിലും തമിഴ്‌നാട്ടിലെ കളക്കാട്, മുണ്ടെന്‍തുറൈ വന്യജീവി സങ്കേതങ്ങളിലുമാണ് അഗസ്ത്യമല കിടക്കുന്നത്. തമിഴ്‌നാട്ടുകാര്‍ ഈ വിഷയത്തില്‍ അതീവ ശ്രദ്ധ ചെലുത്തുമ്പോഴാണ് ഇവിടുള്ളവര്‍ ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കുന്നതെന്നും പരാതി വന്നിട്ടുണ്ട്.  ഇവിടുത്തെ സമ്പന്നമായ  പുല്‍മേടുകള്‍ സംരക്ഷിക്കണമെന്ന് 20 വര്‍ഷം മുന്‍പ് ഇവിടെ സന്ദര്‍ശിച്ച ഡോ.എം.എസ്. സ്വാമിനാഥന്‍ അടക്കമുള്ള വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. പുല്‍മേടുകള്‍ നശിച്ചാല്‍ നദികളില്‍ വെള്ളം കിട്ടാത്ത നില വരുമെന്നും അത് വരള്‍ച്ചയിലേക്ക് നയിക്കുമെന്നും സൂചിപ്പിച്ചിരുന്നു.

Related posts