വിതുര : നാല്‍പ്പത്തിയൊന്ന് ദിവസമായി നടക്കുന്ന അഗസ്ത്യകൂട സന്ദര്‍ശനത്തിന് സമാപനമായി. ജനുവരി 15ന് തുടങ്ങിയ അഗസ്ത്യകൂട തീര്‍ഥാടനത്തിന് ഗോത്രാചാര പൂജയോടെയാണ് സമാപനമായത്.
ശിവരാത്രി ദിവസത്തില്‍ നടന്ന ഉത്സവത്തിനും ശിവരാത്രി പൂജകള്‍ക്കും ഊരുമൂപ്പന്മാര് നേതൃത്വം നല്കി. പ്രത്യേക പൂജകള്‍ക്കും ചപ്രം എഴുന്നള്ളിപ്പിനുമായി എത്തിയ ഊരുമൂപ്പന്മാര് ശനിയാഴ്ച്ച രാവിലെയോടെ മലയിറങ്ങും.
ഭഗവാന്‍കാണി, അയ്യപ്പന്കാണി എന്നിവരുടെ മേല്‍നോട്ടത്തില്‍ അഞ്ചുപേരാണ് ശിവരാത്രി പൂജകള്‍ നടത്തുന്നത്. ചപ്രം എഴുന്നള്ളിപ്പോടെയാണ് ഈ വര്‍ഷത്തെ ശിവരാത്രി പൂജകള്‍ തുടങ്ങിയത്.
കോട്ടൂര്‍ മുണ്ടണിപ്പാറ തമ്പുരാന് ക്ഷേത്രത്തില്‍ നിന്നുമാണ് എഴുന്നള്ളത്ത് പുറപ്പെട്ടത് . ഘോഷയാത്ര അതിരുമലയിലെത്തി. ഇവിടെ പ്രത്യേകം തയ്യാറാക്കിയസ്ഥലത്ത് ചാറ്റുപാട്ടും ഭജനയും പൂജകളും നടന്നു. പൊങ്കാലയോടെയാണ് ശിവരാത്രി പൂജകളാരംഭിച്ചത്.
തുടര്‍ന്ന് അഗസ്ത്യമലയുടെ മുകളില്‍ പ്രതിഷ്ടിച്ചിട്ടുള്ള അഗസ്ത്യമുനിയുടെ വിഗ്രഹത്തില്‍ ഗോത്രാചാര പൂജകളും കൊടുതിയും നടത്തി. അഗസ്ത്യകൂടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശിവരാത്രി ഗോത്രപൂജകള്‍ നടക്കുന്നത്.
വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തു നടക്കുന്ന ഏറ്റവും വലിയ മലകയറ്റമാണ് സഹ്യപര്‍വതത്തിന്റെ ഭാഗമായ അഗസ്ത്യകൂട സന്ദര്‍ശനവും ശിവരാത്രി പൂജയും.