തൃശൂർ: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പേപ്പൽ ഓഡിയൻസിൽ മാർപാപ്പയെ കാണാൻ കാത്തുനിന്നു കരഞ്ഞ കുഞ്ഞിനെ ഫ്രാൻസിസ് മാർപാപ്പ ആശ്ലേഷിച്ചു ചുംബിച്ചു. കുരിയച്ചിറയിലെ ആന്റണി ചിറമ്മലിന്റെ മകൾ ഡോ. ജസ്റ്റി ആന്റണി ചിറമ്മലിന്റെയും കാഞ്ഞിരപ്പള്ളി ഒറ്റപ്ലാക്കൽ ഡൊമിനിക്കിന്റെയും മകൾ അഗാത്തയ്ക്കാണ് ഈ അപൂർവ അനുഗ്രഹം ലഭിച്ചത്.
മാർപാപ്പയെ കാണാൻ ജനക്കൂട്ടത്തിൽ ദീർഘസമയം കാത്തുനിന്ന ഇവർക്കരികിലൂടെയാണ് മാർപാപ്പയുടെ വാഹനം കടന്നുപോയത്. വാഹനം അരികിലെത്തുമ്പോൾ അഗാത്ത കരയുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട ഫ്രാൻസിസ് മാർപാപ്പ വാഹനം നിർത്താൻ നിർദേശം നൽകി.
സുരക്ഷാ ഉദ്യോഗസ്ഥനോടു കുഞ്ഞിനെ അരികിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കകം കുഞ്ഞ് മാർപാപ്പയ്ക്ക് അരികിലെത്തി. കുഞ്ഞിനെ ആശ്ലേഷിച്ചു ചുംബിക്കുകയും ചെയ്തു. ഡോ. ജസ്റ്റിയും ഡൊമിനിക്കും ബംഗളൂരുവിലാണു താമസിക്കുന്നത്.