കോട്ടയം: തൊഴിലും വരുമാനവും ക്ഷേമപെൻഷനുമൊക്കെയുള്ളവർക്കുവരെ അരിയാഹാരക്കിറ്റുകൾ സർക്കാർ നൽകിവരുന്പോൾ സംസ്ഥാനത്തെ 1800 അഗതി, മനോരോഗസംരണക്ഷണ കേന്ദ്രങ്ങളിലെ 70,000 അന്തേവാസികൾക്ക് അരിയും കിറ്റും ഗ്രാൻഡും മുടങ്ങിയിട്ട് വർഷമൊന്നു പിന്നിടുന്നു.
ക്ഷേമവും ആരോഗ്യവും ഉറപ്പാക്കാൻ ഓരോ അന്തേവാസിക്കും മാസം പത്തര കിലോ അരിയും മൂന്നു കിലോ ഗോതന്പും സർക്കാർ റേഷൻ അനുവദിച്ചിട്ടുണ്ട്.
ഇതു കൃത്യമായ സമയത്തും കൃത്യമായ അളവിലും വർഷങ്ങളായി നൽകുന്നില്ല. അഗതികൾക്ക് റേഷൻ പഞ്ചസാരയും മണ്ണെണ്ണയും വർഷങ്ങൾക്കു മുൻപേ നിർത്തലാക്കി.
സൗജന്യ കിറ്റ് നാലു പേർക്ക് ഒരെണ്ണം എന്ന ക്രമത്തിൽ രണ്ടു വേള മാത്രം നൽകി ചടങ്ങ് നിർത്തലാക്കി. വോട്ടുണ്ടെങ്കിലും ഇവരേറെയും അവകാശം വിനിയോഗിക്കാനാവാത്തവരായതിനാൽ പാർട്ടികളും സർക്കാരും ഒരു പോലെ അവഗണിച്ചു.
ബന്ധുക്കളോ ചുമതലപ്പെട്ടവരോ സംരക്ഷിക്കാനില്ലാത്തവരും ഏറ്റെടുക്കാത്തവരുമാണ് അഗതി മനോരോഗ കേന്ദ്രങ്ങളിൽ കാരുണ്യമുള്ളവരുടെയും സമർപ്പിതരുടെയും സുരക്ഷയിൽ കഴിയുന്നത്.
സംസ്ഥാനത്തെ 80 ശതമാനം ഇത്തരം സ്ഥാപനങ്ങളും സമുദായങ്ങൾ ഭാരിച്ച ചെലവിലും സാമൂഹിക പ്രതിബദ്ധതയിലും നടത്തിവരുന്നവയാണ്.
ഇവർക്കുള്ള സർക്കാർ ഗ്രാൻഡ് നിലച്ചിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാർ ക്ഷേമപെൻഷൻ 1700 രൂപയായി ഉയർത്തിയിട്ടും അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് അനുവദിച്ചിരിക്കുന്നത് 1100 രൂപ മാത്രം.
അരി ഒഴികെ മരുന്ന്, വസ്ത്രം, സ്റ്റേഷനറി തുടങ്ങി ഒരു വ്യക്തിക്ക് ഒരു മാസത്തെ ആവശ്യങ്ങൾക്കായി അനുവദിച്ചിരിക്കുന്നതാണ് തുച്ഛമായ ഈ തുക.
അഗതിസ്ഥാപനങ്ങളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ഹെൽത്ത് സെന്ററിൽ നിന്ന് മെഡിക്കൽ ടീം ഓരോ മാസവും എത്തി അന്തേവാസികളെ പരിശോധിച്ച് മരുന്നും ചികിത്സയും നൽകണമെന്നാണ് ചട്ടം.
കോവിഡ് വന്നതിനുശേഷം ഈ സ്ഥാപനങ്ങളിലെ വൈദ്യ പരിശോധനും മരുന്നും പൂർണമായി മുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തൊട്ടാകെ മനോരോഗികളുടെ സംരക്ഷണത്തിനു വേണ്ടി 200 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ 130 സ്ഥാപനങ്ങൾ മനോരോഗികളുടെ പുനരധിവാസത്തിനായി മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. മനോരോഗ ചികിത്സയ്ക്ക് വിലപിടിപ്പുള്ള മരുന്നുകൾ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുന്നതിലും വലിയ വീഴ്ച വരുത്തുന്നു.
അഗതികൾക്കുള്ള ഭക്ഷണം, വസ്ത്രം, താമസസൗകര്യം എന്നിവയൊക്കെ വലിയ സാന്പത്തിക ബാധ്യതയിൽ സമുദായ സ്ഥാപനങ്ങളും ട്രസ്റ്റുകളും നേരിട്ട് വഹിക്കുകയാണ്. വ്യക്തിശുചിത്വത്തിനാവശ്യമായ സോപ്പ്, എണ്ണ, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങളും നൽകുന്നില്ല.
മുൻപൊക്കെ ഉദാരമതികൾ നൽകിയിരുന്ന സൗജന്യ ഭക്ഷണം ഉൾപ്പെടെ സഹായങ്ങളായിരുന്നു അഗതിമന്ദിരങ്ങളുടെ ആശ്രയം.
കോവിഡ് വ്യാപനത്തോടെ വ്യക്തികളിൽ നിന്നുള്ള സഹായം നിലയ്ക്കുകയും ഇത്തരം സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിനാൽ ഏറെ സ്ഥാപനങ്ങളും മുന്നോട്ടുപോകാനാവാത്ത വിധം ഭാരിച്ച ബാധ്യതയിലാണ്.
റെജി ജോസഫ്