കായംകുളം: സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീക്ഷ്ണമായ അനുഭവങ്ങൾ നൽകിയ ആത്മസംതൃപ്തിയിൽ 103-ാം വയസിലും പോളിംഗ് ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് സ്വാതന്ത്ര്യസമരസേനാനി കെ. ബേക്കർ സാഹിബ്. കായംകുളം പെരിങ്ങാല പടിപ്പുരയ്ക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (103) ആണ് കായംകുളം നിയോജകമണ്ഡലത്തിലെ 86-ാം നമ്പർ പോളിംഗ് ബൂത്തായ പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്കൂളിലാണ് പ്രായത്തിന്റെ അവശതകൾ മറന്ന് ഇളയ മകൻ മുബാറക്ക് ബേക്കറിനും പേരക്കുട്ടിക്കുമൊപ്പം ഇത്തവണയും നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്.
1948 മുതൽ ബേക്കർ സാഹിബ് പോളിംഗ് ബൂത്തിൽ പോളിംഗ് ബൂത്തിൽ നേരിട്ടെത്തിയാണ് വോട്ട് ചെയ്യാറുള്ളത്. ഒരു തെരഞ്ഞെടുപ്പിൽ പോലും വോട്ട് മുടക്കിയിട്ടില്ല.1938ൽ വിദ്യാർഥിയായിരിക്കെ പതിനാറാം വയസിലാണ് ബേക്കർ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനാകുന്നത്.
1942ൽ ക്വിറ്റ് ഇന്ത്യാസമരത്തിൽ സജീവമാകുകയും 1945ലും 1947ലും അറസ്റ്റിലാകുകയും രണ്ടു തവണയായി പന്ത്രണ്ടുമാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.ജയിലിൽ കടുത്ത മർദനങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യസമരത്തെ എതിർത്തവർ പിന്നീട് നേതാക്കളായപ്പോൾ ബേക്കർ സാഹിബ് കോൺഗ്രസ് വിട്ട് കമ്യൂണിസ്റ്റായി. പി. കേശവദേവിനോടുള്ള അടുപ്പമാണ് കമ്യൂണിസ്റ്റുകാരനാക്കിയത്.
1948ൽ മധ്യതിരുവിതാം കൂറിൽ രൂപം കൊണ്ട ആദ്യ പാർട്ടി സെല്ലിലെ നാലംഗങ്ങളിൽ ഒരാളായിരുന്നു ബേക്കർ. നിരോധനകാലത്ത് പാർട്ടിനേതാക്കന്മാർക്ക് ഒളിത്താവളം ഒരുക്കാൻ മുന്നിൽനിന്നിരുന്നു . പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ശങ്കര നാരായണൻ തമ്പി, കേശവൻ പോറ്റി, കാമ്പിശേരികരുണാകരൻ എന്നിവരായിരുന്നു സഹപ്രവർത്തകർ.