മുണ്ടക്കയം: പത്ത് വർഷം കൊണ്ട് പൂവിടുന്ന “അഗേവ് സിസലാന’ ചെടി കൗതുകമാകുന്നു.
മുണ്ടക്കയം ചെളിക്കുഴി മൂലേപ്പറമ്പിൽ നിർമല ജോണിന്റെ വീട്ടുമുറ്റത്ത് പൂവിട്ട അഗേവ് സിസലാന നയന മനോഹാരിതയ്ക്കൊപ്പം കൗതുകക്കാഴ്ച കൂടിയാകുന്നു.
അഗേവ് സിസലാന ഒരു ബ്രിട്ടീഷ് ചെടിയാണ്. ചെടി നട്ട് എട്ട് മുതൽ 10 വർഷം വരെ കാത്തിരിക്കണം ഒന്ന് പൂവിട്ട് കാണാൻ.
നമ്മുടെ നാട്ടിലെ കൈതയോട് സാമ്യമുള്ള ചെടിയുടെ നടുവിൽ നിന്നു 10 മുതൽ 15 അടി വരെ ഉയരത്തിൽ മുളം തണ്ട് പോലെ വളരുന്ന കമ്പിലെ പലയിടങ്ങളിലായുള്ള ശിഖരങ്ങളിലാണ് ഇളം മഞ്ഞ നിറത്തിലുള്ള പൂക്കൾ വിടരുന്നത്.
അതിരാവിലെ വിരിയുന്ന പൂക്കൾക്ക് മനം മയക്കുന്ന സുഗന്ധവും തേനുമുണ്ട്. ഈ കാരണത്താൻ തന്നെ തേനീച്ചയും വണ്ടും പറവകളും പൂക്കൾക്ക് ചുറ്റും പാറിപ്പറക്കുന്നതു കാണാം.
ചെടി പരിപാലനം ഏറെ ഇഷ്പ്പെടുന്ന നിർമലയ്ക്ക് കുമളി സ്വദേശിയായ കൂട്ടുകാരി സമ്മാനമായി എട്ട് വർഷം മുന്പ് നൽകിയതാണ് അഗേവ് സിസലാനയുടെ തൈ.
മധ്യ അമേരിക്കയിൽ കാണുന്ന ഈ ചെടി വിദേശ അധിനിവേശ സമയത്ത് ഇന്ത്യയിലെത്തിയാണെന്നാണ് കരുതുന്നത്. പൂക്കൾക്ക് ദിവസങ്ങളുടെ ആയുസുണ്ട്.
പിന്നീട് കായ്കളായി മാറിയ ശേഷം തണ്ടുകൾ ഉൾപ്പെടെ നശിച്ചുപോകും.
വിദേശ രാജ്യങ്ങളിൽ അഗേവ് സിസലാന ചെടിയുടെ ഇലകൾ സംസ്കരണം നടത്തി വസ്ത്രങ്ങളും ബാഗുകളും കൗരകൗശ ലവസ്തുക്കളും നിർമിക്കാൻ ഉപയോഗിച്ചിരുന്നു.
ഇവയുടെ ഇലകൾ കൊണ്ട് ഉണ്ടാക്കുന്ന വസ്തുക്കൾ ഏറെക്കാലം നിലനിൽക്കുമെന്ന പ്രത്യേകത കൂടി ഉണ്ട്.
നിർമലയുടെ വീടിന്റെ പരിസരം വിവിധയിനം ചെടികളും ഔഷധ സസ്യങ്ങളും വ്യത്യസ്ത ഇനം ഓർക്കിഡുകളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നീലത്താമര ഉൾപ്പെടെ എട്ടിനം താമരകളും വിലയേറിയ ഇനങ്ങളിൽപ്പെട്ട ഓർക്കിഡുകളും അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന വള്ളിച്ചെടികളും വിവിധ ഇനം ജലസസ്യങ്ങളും രക്തചന്ദനവും വിവിധ ഔഷധച്ചെടികളും എന്തിനേറെ,
തേയിലച്ചെടി പോലും വീട്ടുമുറ്റത്ത് നട്ടുവളർത്തിരിക്കുകയാണ് നിർമല ജോൺ. കൂടാതെ വീടിന്റെ മുറ്റത്ത്കുളം നിർമിച്ച് വർണ മത്സ്യങ്ങളും വിവിധയിനം ഗപ്പികളും വളർത്തുന്നുണ്ട്.