ആലുവ: പാസ്പോർട്ടിൽ പേജ് തുന്നിപ്പിടിപ്പിച്ച് കൃത്രിമം കാട്ടി വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഏജന്റ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി(53)യെ എയർപോർട്ട് പരിസരത്ത് നിന്നാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് നെടുമ്പാശേരി വിമാനത്താവളം വഴി അഞ്ച് സ്ത്രീകളെ കുവൈത്തിലേക്ക് ടൂറിസ്റ്റ് വിസയിൽ വീട്ടുജോലിക്ക് കൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചത്.
വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. അത് മറികടക്കാൻ ടൂറിസ്റ്റ് വിസയിൽ മസ്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി.
എമിഗ്രേഷൻ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പോലീസിനു കൈമാറുകയായിരുന്നു. പരിശോധനയിൽ പാസ്പോർട്ടിലെ പേജുകൾ കീറിമാറ്റി പുതിയ പേജുകൾ തുന്നിച്ചേർത്തതായും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഡിവൈഎസ് പി. ഗിൽസൺ മാത്യു, എസ്ഐ കെ.ജെ. ബിജു, സിപിഒ എം.ടി. പ്രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.