ഒരു രാജ്യം നശിപ്പിക്കാന്‍ യുദ്ധത്തിന്റെ ആവശ്യമില്ല. മറിച്ച്, അവിടുത്തെ യുവാക്കളെ ലഹരിക്ക് അടിമകളാക്കിയാല്‍ മതി” ദീര്ഘദര്ശികളാരോ പറഞ്ഞതാണ്. യുവാക്കള്‍ക്കിടയിലെ ലഹരിയുപയോഗം അനുദിനം വര്‍ധിച്ചുവരുന്നത് ഈ വാക്കുകളെ സാധൂകരിക്കുന്നു. കോളജുകളില്‍നിന്നും ഇന്നു സ്കൂളുകളിലേക്കു വ്യാപിച്ചിരിക്കുകയാണ് ലഹരി മാഫിയയുടെ വേരുകള്‍. ട്യൂബ് ഗം, വൈറ്റ്നര് അങ്ങനെ എന്തും ഏതും ലഹരിയായി ഉപയോഗിക്കുന്ന അപകടകരമായ പ്രവണതയാണ് ഇന്നുള്ളത്.
സാധാരണക്കാരായ കുട്ടികളിലേക്കു ലഹരി മാഫിയ പിടി മുറുക്കുമ്പോള്‍ അവിടെ അവരുടെ ജീവിതവും കുടുംബത്തിന്റെ പ്രതീക്ഷയുമാണ് തകരുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘതങ്ങളെക്കുറിച്ചും റിയലിസ്റ്റിക്കായി കഥ പറയുകയാണ് അഘോരം എന്ന ചിത്രം. ഒപ്പം നല്ല നാളെക്കു വേണ്ടിയുള്ളതാകണം നമ്മുടെ യുവത്വം എന്ന് സന്ദേശം പകരുകയാണ്.ഷോബി തിലകന്, ജോബി, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളുമുണ്ട്. നടന് ഷോബി തിലകന്റെ മകന് ദേവ്നന്ദന്‍ എസ്. തിലക് ഈ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ഹരിശ്രീ കുറിക്കുകയാണ്.
കൊച്ചിന് ഹനീഫയുടെ ശിഷ്യനായി സിനിമ മേഖലയിലെത്തിയ ശ്രീജിത്ത് മരിയിലിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. കലാമന്ദിരത്തിന്റെ ബാനറില്‍ ശ്യാമള ടീച്ചര്‍ കൊടകര, ശ്രീജിത്ത് മരിയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കലാമന്ദിരം ഡാന്‍സ് ഇന്‍സ്റ്റിസ്റ്റ്യൂഷന്റെ ഡയറക്ടറും നാട്യശ്രീ, ഗാനഭൂഷണം പുരസ്കാരം നേടിയിട്ടുള്ള മുതിര്‍ന്ന കലാകാരിയുമായ ശ്യാമള ടീച്ചര്‍ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. അശോക് ചക്രവര്‍ത്തി എന്ന പോലീസ് കഥാപാത്രത്തെയാണ് ഷോബി തിലകന് അവതരിപ്പിക്കുന്നത്. അജിത്ത്, അരവിന്ദ്, അനന്ദു എന്നീ മൂന്നു സുഹൃത്തുക്കള്‍.
അനന്ദു ഇടയ്ക്കെപ്പഴോ ലഹരി ഉപയോഗത്തിലേക്കു വഴിമാറുന്നു. തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തായാക്കാന്‍ പറ്റാത്ത വിധം അവര്‍ ലഹരി മാഫിയയുടെ കയ്യില്‍ അകപ്പെട്ടു പോവുകയാണ്. അതോടെ അവരുടെ കുടുംബം പോലും തകരുകയാണ്. ഇവര്‍ക്കിടയിലേക്കാണ് ഒരു ക്രൈം അന്വേഷണവുമായി പോലീസ് ഉദ്യോഗസ്ഥന് അശോക് ചക്രവര്‍ത്തി എത്തുന്നത്. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. പ്രമേയത്തിന്റെ സാമൂഹിക പ്രസക്തിയും പ്രധാന്യവും കണക്കിലെടുത്ത് കേരള പോലീസിലെ പ്രമുഖനായ യതീഷ് ചന്ദ്ര ഐ.പി.എസിനേയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തിക്കാനുള്ള ശ്രമിത്തിലാണ് സംവിധായകന്.
”വിദ്യാര്‍ഥി ജീവിതങ്ങളിലൂടെ കടന്നു പോകുമ്പോഴും കുടുംബ പശ്ചാത്തലം, പ്രണയം, രാഷ്ട്രീയം, ആക്ഷന്‍ എന്നിങ്ങനെ എല്ലാചേരുവകളുമായി പ്രേക്ഷകര്‍ക്കു ഇഷ്ടപ്പെടും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മ, അച്ഛന് മക്കള്‍ ബന്ധത്തിന്റെ തീവ്രതയും ഒട്ടും ചോരാത്തവണ്ണം ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ കഥയെ നേരിട്ടു പറയാതെ ത്രില്ലര്‍ സ്വഭാവത്തോടെ ട്വിസ്റ്റുകളാല്‍ സങ്കീര്‍ണമാക്കിയാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. പതിവായി കാണുന്ന ലഹരി ഉപയോഗം എന്നതിനപ്പുറം ഇന്നത്തെ കുട്ടികളുടെ ഇടയില്‍ വ്യാപകമായി പടരുന്ന മറ്റൊരു പ്രധാന വിഷയവും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്” സംവിധായകന് ശ്രീജിത്ത് മരിയില്‍ പറയുന്നു. വിനീത് ശോഭനാണ് ചിത്രത്തിനു ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നിതീഷ് ഗോപിയുടെ വരികള്‍ക്കു ഫ്രാന്‍സി ആളൂര്‍ സംഗീതം ഒരുക്കുന്നു. ചാനല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ദിനനാഥ് ഗാനം ആലപിക്കുന്നു. ഒക്ടോബറില്‍ അഘോരത്തിന്റെ ഷൂട്ടിംഗ് പാലക്കാടും പരിസരങ്ങളിലുമായി ആരംഭിക്കും.