20 ലക്ഷം മെംബര്‍മാരുണ്ടെന്ന് പറഞ്ഞ് ബാറുകാരുമായി കരാര്‍ ഉറപ്പിക്കും, രാത്രി പാര്‍ട്ടിക്കായി ആയിരങ്ങള്‍ വിലയുള്ള കൂപ്പണുകള്‍ അച്ചടിച്ചു, ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും കൊണ്ട് അജിത്കുമാര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായി സൂചന, പണി പാളിയപ്പോള്‍ ഒളിവില്‍

സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിന്റെ മറവില്‍ നടത്തിപ്പുകാരനായ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനിത എന്നിവര്‍ ലക്ഷങ്ങള്‍ നേടിയതായി വിവരം. വന്‍കിട ബാറുകളുമായി കരാര്‍ ഉണ്ടാക്കിയും മദ്യസേവ പാര്‍ട്ടികള്‍ നടത്താന്‍ പണം ഈടാക്കിയും ഡിസ്‌കൗണ്ട് കൂപ്പണുകള്‍ വിതരണം ചെയ്തുമായിരുന്നു ഇയാള്‍ പണംതട്ടാന്‍ ശ്രമിച്ചത്. അജിത്കുമാറും ഭാര്യ വിനീതയും ഇപ്പോള്‍ ഒളിവിലാണ്.

മദ്യ കമ്പനികളുമായി നേരിട്ട് ഇടപാട് തുടങ്ങാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗ്രൂപ്പിനെതിരേ പോലീസിനും എക്‌സൈസിനും പരാതി ലഭിക്കുന്നതും പോലീസ് അന്വേഷണം ശക്തമാക്കിയതും. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തോക്കിനെക്കുറിച്ചും പോലീസ് അന്വേഷണം ന
ടത്തുന്നുണ്ട്.

അതേസമയം അഡ്മിനെതിരെ നടപടി കടുപ്പിക്കാനാണ് എക്‌സൈസ് തീരുമാനം. ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനിത എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സിറ്റി പോലീസ് കമ്മീഷണറോട് രേഖാമൂലം ആവശ്യപ്പെടാനാണ് എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അജിത്കുമാറിന്റെ നേമത്തെ വസതിയില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ മദ്യവും ഭക്ഷണവും വില്‍ക്കാന്‍ ഉപയോഗിച്ച കൂപ്പണുകളും പ്രിന്ററുകളും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. അജിത്കുമാറും വിനിതയും ഒളിവിലാണ്. ഫേസ്ബുക്ക് കൂട്ടായ്മയില്‍ 36 അഡ്മിന്‍മാര്‍ ഉണ്ടെന്ന് എക്‌സൈസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അഡ്മിന്‍മാരുടെ ഐഡന്റിറ്റി ഉള്‍പ്പെടെ അറിയാന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. പിന്നാലെ കൂടുതല്‍ അഡ്മിന്‍മാര്‍ക്കെതിരെ കൂടി അബ്കാരി നിയമ പ്രകാരം എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. അതോടൊപ്പം തന്നെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളുടെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാനുമാണ് ശ്രമിക്കുന്നതെന്നും എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

1400 രൂപയുടെ കൂപ്പണ്‍ തങ്ങളില്‍ നിന്നും വാങ്ങുന്നവര്‍ക്ക് മുന്തിയ ബ്രാന്‍ഡിന്റെ മദ്യവും ഭക്ഷണവും ബാര്‍ ഹോട്ടലുകളില്‍ നിന്നും കഴിയ്ക്കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു അജിത്കുമാറിന്റെ പദ്ധതി. ബാര്‍ ഹോട്ടല്‍ ഉടമകളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലമായി അജിത്കുമാര്‍ ഈ ബിസിനനസ് നടത്തി വന്നിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ 18 ലക്ഷം അംഗങ്ങള്‍ ഉണ്ടെന്ന് വില പേശിയാണ് ഇയാള്‍ ബാര്‍ ഹോട്ടല്‍ ഉടമകളുമായി ബിസിനസ് ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് എക്‌സൈസ് വ്യത്തങ്ങള്‍ പറയുന്നത്.

അജിത്കുമാറിന്റെ വിലപേശലില്‍ ചില ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് നീരസം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ 17 ലക്ഷം അംഗങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസിയെന്ന് അജിത്ത് കുമാര്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജിഎന്‍പിസി സ്വന്തമായി ലോഗോയും ഇറക്കിയിട്ടുണ്ട്.

ജിഎന്‍പിസിയില്‍ മെമ്പര്‍ ആയാല്‍ ചില ബാറുകളില്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ടും നല്കി വരുന്നുണ്ട്. 23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പില്‍ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ തന്നെയാണു ഗ്രൂപ്പില്‍ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്‍പിസിയില്‍ അംഗങ്ങളാണ്.

Related posts