കൊല്ലം: ദേശീയ അഗ്മാര്‍ക്ക് മേളയില്‍ കേരളത്തിലെ ക്ഷീര കര്‍ഷകരുടെ ചോരയും വിയര്‍പ്പുമായ മില്‍മയെ ഒഴിവാക്കിയത് നീതീകരിക്കാനാവുന്നതല്ലെന്ന് കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ് (ഐഎന്‍.റ്റിയുസി. )സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ക്ഷീര കര്‍ഷകരുടെ യഥാര്‍ത്ഥ സ്ഥാപനമാണ് മില്‍മ.
മില്‍മയെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കാലാകാലങ്ങളായി ഇടത് മുന്നണിയും ഇപ്പോള്‍ എന്ഡിഎസഖ്യവും കിണഞ്ഞ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കൊല്ലത്ത് കഴിഞ്ഞ ദിവസം നടന്ന അഗ്മാര്‍ക്ക് മേളയില്‍ മില്‍മയെ പങ്കെടുപ്പിക്കാതിരുന്നതെന്ന് ഐഎന്‍ടിയുസി ആരോപിച്ചു.
കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഒരുമെയ്യും ഒരുമനസ്സോടെയും വര്‍ഷങ്ങളോളം പ്രയത്നിച്ചതിന്റെ ഫലമാണ് മില്‍മ. കേരളത്തില്‍ ധവള വിപ്ലവം യാഥാര്‍ത്ഥ്യമാക്കിയത് മില്മയാണന്നും ആ മില്‍മയെ തകര്‍ക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെയും സ്വകാര്യ ഡയറികളെയും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണന്നും സംഘടന ആരോപിച്ചു.
അഗ് മാര്‍ക്ക് മേളയില്‍ മില്‍മയെ ഒഴിവാക്കിയവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് കെ.സി.രാജന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ വിജയന്, ഒ.ബി.രാജേഷ്, അയിര സലിംരാജ്, ദേവസ്യ വയനാട്, മുഹമ്മദ് കോയ, സി.കെ.രാജേന്ദ്രന്, പള്ളിമുക്ക് എച്ച്.താജുദീന്, ഹര്‍ഷകുമാര്‍, അമീര്‍ നടക്കപ്പറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.